സ്വാതി മലിവാളിനെ ആക്രമിച്ച കേസിൽ തൻ്റെ സഹായി ബിഭാവ് കുമാറിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ബിജെപിയെ വെല്ലുവിളിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. നാളെ ആം ആദ്മി നേതാക്കളോടും പ്രവർത്തകരോടും ഒപ്പം ബിജെപി ആസ്ഥാനത്തേക്ക് പോകുമെന്നും ഭരണകക്ഷിക്ക് ഇഷ്ടമുള്ളവരെ അറസ്റ്റ് ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു. നാളെ ഉച്ചയ്ക്ക് 12 മണിക്ക് ബിജെപി ആസ്ഥാനത്തേക്ക് കൂട്ടമായി വരുമെന്നാണ് വെല്ലുവിളി. എല്ലാ എഎപി നേതാക്കളെയും ജയിലിൽ അടയ്ക്കാൻ ഭരണകക്ഷി ആഗ്രഹിക്കുന്നത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. ഇന്ന് രാവിലെയാണ് എഎപി എംപി സ്വാതി മലിവാളിനെ ആക്രമിച്ച കേസിൽ അദ്ദേഹത്തിൻ്റെ സഹായിയും മുൻ പേഴ്‌സണൽ സെക്രട്ടറിയുമായ ബിഭാവ് കുമാറിനെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തത്.
“മനീഷ് സിസോദിയ, സഞ്ജയ് സിംഗ്, അരവിന്ദ് കെജ്‌രിവാൾ എന്നിവരെ ഓരോരുത്തരെയായി ജയിലിലടച്ചുകൊണ്ട് മോദി ജി നിങ്ങൾ ഈ ജയിൽ കളി കളിക്കുകയാണ്. ഞാനും പാർട്ടി എംപിമാരും എംഎൽഎമാരും നാളെ ഉച്ചയ്ക്ക് 12 മണിക്ക് ബിജെപി ആസ്ഥാനത്ത് വരും. ആരെ വേണമെങ്കിലും നിങ്ങൾക്ക് ജയിലിൽ അടയ്ക്കാം. എല്ലാവരേയും ഒറ്റയടിക്ക് അറസ്റ്റ് ചെയ്യാം,” അരവിന്ദ് കെജ്രിവാൾ പറഞ്ഞു
“അവർ സഞ്ജയ് സിങ്ങിനെ ജയിലിലടച്ചു. ഇന്ന് എൻ്റെ സഹായിയെ ജയിലിലടച്ചു. ഇപ്പോൾ രാഘവ് ഛദ്ദ ലണ്ടനിൽ നിന്ന് തിരിച്ചെത്തി. അദ്ദേഹത്തെയും ഇനി ജയിലിലടക്കും. സൗരഭ് ഭരദ്വാജിനെ ജയിലിലടക്കുമെന്ന് അവർ പറയുന്നു. ഒപ്പം അതിഷിയും ജയിലിൽ പോകും,” അരവിന്ദ് കെജ്‌രിവാൾ തൻ്റെ എക്‌സ് അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറഞ്ഞു.

































