മലപ്പുറം: ഓണ്‍ലൈന്‍ വഴി ഓര്‍ഡര്‍ ചെയ്ത ഫോണിനു പകരം മറ്റൊന്ന് നൽകിയ സംഭവത്തിൽ വിലയും ഒരു ലക്ഷം രൂപ നഷ്ടപരിഹാരവും നല്കാന് ആമസോൺ ഓൺലൈൻ പ്ലാറ്റ്ഫോമിനെതിരെ ഉപഭോക്തൃ കമീഷന് വിധി.
വെളിമുക്ക് പടിക്കൽ സ്വദേശി മുഹമ്മദ് റാഫി നൽകിയ പരാതിയിലാണ് മലപ്പുറം ജില്ല ഉപഭോക്തൃ കമീഷന്റെ വിധി. ആപ്പിൾ ഐഫോൺ 13 പ്രോ മാക്സ് ഫോണ്‍ വാങ്ങാൻ പരാതിക്കാരന് 2022 ജൂലൈ 17ന് ആമസോണ്‍ വഴി ഓര്‍ഡര്‍ നല്‍കിയിരുന്നു. ഫോണിന്റെ തുകയായ 1,22,900 രൂപയും അടച്ചു. ജൂലൈ 20ന് ഫോണ്‍ അടങ്ങിയ പെട്ടി പരാതിക്കാരന് ലഭിച്ചു. എന്നാല്‍, തുറന്നപ്പോള്‍ അതിലുണ്ടായിരുന്നത് സാംസങ് എ13 ഫോൺ ആയിരുന്നു. പെട്ടി തുറക്കുന്നത് വിഡിയോ വഴി റെക്കോഡ് ചെയ്യുകയും ചെയ്തിരുന്നു. പരാതിക്കാരൻ ഉടൻ ആമസോൺ കമ്പനിയെ വിവരമറിയിക്കുകയും തുടര്‍ന്ന് അവർ ഫോൺ മാറ്റിത്തരാമെന്ന് പറയുകയും ചെയ്തു. എന്നാല്‍, പിന്നീട് അതിന് തയാറായില്ല. തുടർന്നാണ് പരാതിക്കാരൻ ജില്ല ഉപഭോക്തൃ കമീഷനെ സമീപിച്ചത്.
ഫോൺ വിലയും നഷ്ടപരിഹാരമായി ഒരു ലക്ഷം രൂപയും കോടതി ചെലവായി 10,000 രൂപയും നൽകാൻ കമീഷൻ ഉത്തരവിട്ടു. ഒരു മാസത്തിനകം പണം അനുവദിക്കാത്തപക്ഷം 12 ശതമാനം പലിശ നൽകണമെന്നും കെ. മോഹൻദാസ് പ്രസിഡന്റും പ്രീതി ശിവരാമൻ, സി.വി. മുഹമ്മദ് ഇസ്മായിൽ എന്നിവർ അംഗങ്ങളുമായ കമീഷന്റെ ഉത്തരവിൽ പറയുന്നു

































