ഒടുവിൽ പ്രതീക്ഷകൾ അപ്പാടെ തകർന്ന് പി.സി ജോർജിന് പത്തനംതിട്ടയിൽ സീറ്റില്ലാതായി ഇതിനു കാരണക്കാരായ വെള്ളാപ്പള്ളിയോടും മകനോടും പിണറായി വിജയനോടും ദൈവം ചോദിക്കുമെന്നാണ് പി.സിയുടെ ഇപ്പോഴത്തെ
ശാപം. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് പി.സി ജോർജ് ജനപക്ഷം എന്ന തൻ്റെ പാർട്ടി പിരിച്ചുവിട്ട് പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സാന്നിധ്യത്തിൽ ബിജെപിയിൽ ലയിച്ചത്.
പിസിക്ക് പത്തനംതിട്ട സീറ്റിലായിരുന്നു കണ്ണ് എന്നാൽ ഏതാനും ആഴ്ചകൾക്ക് മുമ്പ് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പത്തനംതിട്ടയിൽ വരുകയും മാധ്യമ പ്രവർത്തകർ പത്തനംതിട്ടയിൽ പിസി ജോർജ് മത്സരിക്കുന്ന കാര്യത്തെ കുറിച്ച് ചോദിച്ചപ്പോൾ നെറികെട്ട രാഷ്ട്രീയ പ്രവർത്തനത്തിന്റെ വക്താവായ പിസി ജോർജ് ഇവിടെ നിന്നാൽ രക്ഷപെടത്തില്ല എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.പൂഞ്ഞാർ നിയമസഭാ മണ്ഡലം കൂടി ഉൾപ്പെട്ട പത്തനംതിട്ടയിൽ മത്സരിക്കുകയാണെങ്കിൽ ക്രൈസ്തവ വോട്ടുകൾ ഏകീകരിപ്പിക്കുവാൻ കഴിയുമെന്ന് പി.സി കരുതിയിരുന്നു. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ മത്സരിച്ചപ്പോള്‍ 2.97 369 വോട്ടാണ് സുരേന്ദ്രന് ലഭിച്ചത്.ഇതെല്ലാം വെച്ച് നോക്കിയാല്‍ ജോര്‍ജിന് പത്തനംതിട്ടയില്‍ ജയിക്കാമെന്ന ഒരു പ്രതീക്ഷ ഉണ്ടായിരുന്നു. ചില സഭാ നേതാക്കന്മാരുടെ മൗന സമ്മതത്തോടു കൂടിയാണ് ജോര്‍ജ് ബിജെപിയിലേക്ക് പോയത്. തനിക്ക് സീറ്റ് ലഭിച്ചില്ലെങ്കില്‍ മകന്‍ ഷോണ്‍ ജോര്‍ജിനെ മത്സരിപ്പിക്കാമെന്ന ആഗ്രഹവും പിസിക്ക് ഉണ്ടായിരുന്നു. ഷോണ്‍ മത്സരിക്കുകയാണെങ്കില്‍ ജയിക്കാമെന്ന പ്രതീക്ഷ മണ്ഡലത്തിലെ ചില ബിജെപി പ്രവർത്തകർക്കിടയിലും ഉണ്ടായിരുന്നു.
എന്നാല്‍ പത്തനംതിട്ടയില്‍ ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍ പിള്ളയോ കുമ്മനം രാജശേഖരനോ പാർട്ടി അധ്യക്ഷൻ കെ സുരേന്ദ്രനോ മത്സരിക്കുമെന്നാണ് പൊതുവേ കരുതിയിരുന്നത്. എന്നാൽ ഈ പ്രതീക്ഷകളെല്ലാം തകിടം മറിച്ചാണ് അതിൽ ആന്റണിക്ക് ബിജെപി കേന്ദ്ര നേതൃത്വം സീറ്റ് നല്‍കിയത്.കേന്ദ്ര നേതൃത്വത്തിന് പത്തനംതിട്ടയില്‍ ഒരു ക്രൈസ്തവ സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കണമെന്നായിരുന്നു പൊതുവേ ആഗ്രഹം.കഴിഞ്ഞ ദിവസം പാര്‍ട്ടിയിലേക്ക് വന്ന ഒരാള്‍ക്ക് സീറ്റ് നല്‍കുന്ന കാര്യത്തില്‍ സംസ്ഥാന കേന്ദ്ര നേതാക്കന്മാർക്കിടയിൽ അഭിപ്രായ വ്യത്യാസം തന്നെയുണ്ടായിരുന്നു. പ്രത്യേകിച്ച് പിസി ജോർജിനെ പോലെയുള്ള ഒരാളെ വളരെ കരുതലോടുകൂടി മാത്രമേ മുന്നോട്ടു കൊണ്ടുപോകുവാന്‍ കഴിയൂ എന്ന് കേരളത്തിലെ ബിജെപി നേതൃത്വത്തിന് അറിയാം കാരണം യുഡിഎഫിലും എൽഡിഎഫിലും ചേരുവാനുളള പല ശ്രമങ്ങളും പിസി ജോർജ് നടത്തിയിരുന്നു.
അതെല്ലാം പരാജയപ്പെട്ടപ്പോളാണ് ഒടുവിൽ ബിജെപിയിൽ ചേരുവാൻ തീരുമാനിച്ചത്. എന്നാൽ തനിക്ക് സീറ്റ് ലഭിക്കാതെ പോയത് വെള്ളാപ്പള്ളി നടേശനും മകൻ തുഷാർ വെള്ളാപ്പള്ളിയും പിണറായി വിജയനും തമ്മിലുള്ള ഒത്തുചേരലാണെന്നാണ് ജോർജ് പറയുന്നത്. ഇവർക്ക് മൂന്ന് പേർക്കും ദൈവം ശിക്ഷ നൽകുമെന്നാണ് ജോർജ് മാധ്യമ പ്രവർത്തകരോട് പറഞ്ഞത്. പാർട്ടി ഏത് കുറ്റിച്ചൂലിനെയും സ്ഥാനാർഥിയാക്കിയാലും പിൻ തുണക്കുമെന്ന് ജോർജ് പറയുകയുണ്ടായി. അനിൽ ആൻ്റണിയെ പത്തനംതിട്ടക്കാർക്ക് എങ്ങനെ പരിചയപ്പെടുത്താൻ കഴിയുമെന്ന് ജോർജ് ചോദിക്കുന്നു.
ബിഷപ്പുമാരും എൻഎസ്എസ്സും പൂർണ പിന്തുണ തന്നിരുന്നതായി ജോർജ് അവകാശപ്പെടുന്നുണ്ട്. തനിക്ക് സീറ്റ് ലഭിച്ചില്ലെങ്കിൽ പി. എസ് ശ്രീധരൻ പിള്ളക്ക് സീറ്റ് നൽകുന്നതിനോടാണ് എൻഎസ്എസ്സിനും ബിഷപ്പുമാർക്കും താൽപര്യം എന്നും ജോർജ് പറഞ്ഞു. കേരള കോൺഗ്രസിൽ കൂടി രാഷ്ട്രീയ ജീവിതം ആരംഭിച്ച ജോർജ് പൂഞ്ഞാർ നിയമസഭാ മണ്ഡലത്തിൽ നിന്നും പലതവണ നിയമസഭാ സാമാജികനായിട്ടുണ്ട്. 1980, 1982 , 1996, 2016 എന്നീ വർഷങ്ങളിലാണ് ജോർജ് പൂഞ്ഞാറിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടത് 2016 -ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരു മുന്നണിയിലുംപെടാതെ ഒറ്റയ്ക്ക് മത്സരിച്ച ജോർജിനെ എസ്ഡിപിഐ ഉൾപ്പെടെയുള്ള ആൾക്കാർ പിന്തുണച്ച് വിജയിപ്പിക്കുകയുണ്ടായി.എന്നാൽ പൂഞ്ഞാർ നിയമസഭാ മണ്ഡലത്തിലെ മുസ്ലിം സമൂഹവുമായി ചില അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായതിനെ തുടർന്ന് 2021 -ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ജോർജ് മത്സരിക്കുകയും പരാജയപ്പെടുകയും ചെയ്തു.ജോർജിന്റെ ബിജെപി പ്രവേശനം ഉദ്ദേശിച്ച ഫലം കണ്ടില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്.
































