എരുമേലി : കോട്ടയം ഫോറസ്റ്റ് ഡിവിഷന് കീഴിലെ ഏറ്റവും വലിയ റേഞ്ചും, പൂഞ്ഞാർ നിയോജകമണ്ഡലത്തിന്റെ പൂർണ്ണ വനാതിർത്തി സംരക്ഷണ ചുമതലയും ഉള്ള എരുമേലി റേഞ്ച് ഓഫീസുമായി ബന്ധപ്പെട്ടും , പ്ലാച്ചേരി ഡെപ്യൂട്ടി റേഞ്ച് ഓഫീസുമായി ബന്ധപ്പെട്ടും ഉയർന്നു വന്നിട്ടുള്ള വിവാദ വിഷയങ്ങളിൽ വകുപ്പുതലത്തിലും , കൂടാതെ വിജിലൻസ്,പോലീസ് തലത്തിലുള്ള അന്വേഷണങ്ങൾ ഉൾപ്പെടെ സമഗ്രമായ അന്വേഷണങ്ങൾ നടത്തി യഥാർത്ഥ വസ്തുതകൾ വെളിച്ചത്തു കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന് കത്തയച്ചു. പൂഞ്ഞാർ നിയോജകമണ്ഡലത്തിന്റെ വന മേഖല സമ്പൂർണ്ണമായും, കിടങ്, ഹാങ്ങിങ് ഫെൻസിങ്, സോളാർ ഫെൻസിങ് ഇവ നിർമ്മിച്ച് സമ്പൂർണ്ണമായും വന്യമൃഗ ശല്യത്തിൽ നിന്നും കാർഷിക മേഖല സംരക്ഷിക്കുന്നതിന് സജ്ജമായിട്ടുള്ള സാഹചര്യത്തിൽ വനം വകുപ്പ് ഏറ്റവും കാര്യക്ഷമമായി പ്രവർത്തിക്കേണ്ട ഘട്ടമാണെന്നും എംഎൽഎ കത്തിൽ ചൂണ്ടിക്കാട്ടി.
ജീവനക്കാർ തമ്മിൽ വകുപ്പുതല അച്ചടക്കത്തിന് വിരുദ്ധമായ തരത്തിലുള്ള പ്രവർത്തികൾ ഉണ്ടായിട്ടുണ്ടോ എന്നും പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷൻ കേന്ദ്രീകരിച്ച് കഞ്ചാവ് കൃഷി നടന്നിരുന്നോ എന്നത് സംബന്ധിച്ചും എല്ലാം സമഗ്ര അന്വേഷണം വേണമെന്ന് എംഎൽഎ ആവശ്യപ്പെട്ടു. പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ ഏകദേശം 30 കിലോമീറ്റർ ദൂരം കാർഷിക മേഖലയുമായി വനമേഖല അതിർത്തി പങ്കിടുന്നുണ്ട്. വന്യമൃഗ ശല്യം അതി രൂക്ഷമായിരിക്കുകയും കൃഷിക്കാർ ഉൾപ്പെടെ മുഴുവൻ പൊതുജനങ്ങളും വന്യമൃഗ ശല്യം മൂലം പൊറുതിമുട്ടിയിരിക്കുകയാണ്.
ഈ സന്ദർഭത്തിൽ ഒറ്റക്കെട്ടായി നിന്ന് എല്ലാ ശ്രമവും നടത്തി മനുഷ്യജീവനും സ്വത്തിനും കാർഷിക മേഖലയ്ക്കും സംരക്ഷണം ഒരുക്കേണ്ട ചുമതലയുള്ള വനം വകുപ്പ് ചുമതല നിർവഹണത്തിന് പകരം കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയിരുന്നോ എന്നുള്ളത് ഗൗരവതരമായി പരിശോധിക്കേണ്ടതാണ്. വനപാലക സേനയുടെ അച്ചടക്കവും കൃത്യനിർവഹണ ചുമതലയും ഏറ്റവും ഭംഗിയായി നിർവഹിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും മന്ത്രിക്ക് അയച്ച കത്തിൽ എംഎൽഎ ആവശ്യപ്പെട്ടു.

































