ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷ (നീറ്റ് യുജി)യുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റീസ് ഡി. വൈ. ചന്ദ്രചൂഡ്, ജസ്റ്റീസുമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. ചോദ്യപേപ്പർ ചോർച്ച, പരീക്ഷ റദ്ദാക്കണമെന്ന ആവശ്യം, നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ ടിഎ) യുടെ പ്രവർത്തനം തുടങ്ങിവയുമായി ബന്ധപ്പെട്ട് 26 ഹർജികളാണ് കോടതിയുടെ മുന്നിലുള്ളത്.
കഴിഞ്ഞ ആറിനു നടത്താനിരുന്ന മെഡിക്കൽ പ്രവേശനത്തിനുള്ള കൗൺസ ലിംഗ് നടപടികൾ മാറ്റിവച്ചിരിക്കുകയാണ്. കോടതിയുടെ നിർദേശപ്രകാരമായിരിക്കും ഇനി പ്രവേശനനടപടികൾ ആരംഭിക്കുകയെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു.
1564 വിദ്യാർഥികൾക്കാണ് നീറ്റ് പരീക്ഷയിൽ ഗ്രേസ് മാർക്ക് ലഭിച്ചത്. ഇതു റദ്ദാക്കുന്നതായി എൻടിഎ ജൂൺ 13ന് സുപ്രീംകോടതിയിൽ അറിയിച്ചിരുന്നു. ഈ വിദ്യാർഥികൾക്ക് പുനഃപരീക്ഷ നടത്തുമെന്നും എൻടിഎ അന്ന് കോടതിയിൽ വ്യക്തമാക്കി. അതിനാൽ ഗ്രേസ് മാർക്കുമായി ബന്ധപ്പെട്ട എല്ലാ ഹർജി കളും തീർപ്പാക്കിയതായി സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. അതേസമയം മ റ്റു ഹർജികൾ ജൂലൈ എട്ടിലേക്കു മാറ്റുന്നതായി സുപ്രീംകോടതിയുടെ അവധിക്കാല ബെഞ്ച് വ്യക്തമാക്കിയിരുന്നു. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് വിവിധ ഹൈക്കോടതികളിലുള്ള കേസുകൾ സുപ്രീംകോടതിയിലേക്കു മാറ്റാനും സുപ്രീംകോടതി നിർദേശിച്ചു.
ചോദ്യപേപ്പർ ചോർച്ചയ്ക്കു പിന്നാലെ പരീക്ഷ റദ്ദാക്കണമെന്നും വീണ്ടും നത്തണമെന്നുമുള്ള ആവശ്യവുമായി നിരവധി പേരാണു കോടതിയെ സമീപിച്ചത്. എന്നാൽ കൗൺസലിംഗ് നടക്കട്ടേയെന്നായിരുന്നു സർക്കാരിൻ്റെയും എൻടിഎയുടെയും കോടതിയിലെ നിലപാട്. തുടർന്ന് വിദ്യാർഥികളു ഭാവി കണക്കിലെടുത്ത് കൗൺസലിംഗ് മാറ്റാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കുകയായിരുന്നു.
എന്നാൽ വ്യാപകമായി ക്രമക്കേടുകൾ റിപ്പോർട്ട് ചെയ്‌തതു ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജിയിൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്കും കേന്ദ്രത്തിനും മറ്റുള്ള വർക്കും സുപ്രീംകോടതി നോട്ടീസ് അയച്ചിരുന്നു. ജൂലൈ ആറിന് ആരംഭിക്കേണ്ടിയിരുന്ന കൗൺസലിംഗ് നടപടികൾ ആരംഭിക്കാതിരുന്നത് മാധ്യമങ്ങളിൽ റിപ്പോർട്ട് ചെയ്‌തതോടെ ഔദ്യോഗികമായി തീയതി പ്രഖ്യാപിച്ചിരുന്നില്ല എന്നു ചൂണ്ടിക്കാട്ടി കേന്ദ്ര ആരോഗ്യ മന്ത്രാലയം രംഗത്തുവന്നു.
ഈ ദിവസം കൗൺസലിംഗ് നടപടികൾ ആരംഭിക്കുമെന്നുള്ളത് അഭ്യൂഹങ്ങൾ മാത്രമായിരുന്നു എന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൻ്റെ വിശദീകരണം. എംബിബിഎസ്, ബിഡിഎസ്, ആയുഷ് തുടങ്ങിയ വിഭാഗങ്ങളിലേക്കുള്ള പ്രവേശനത്തിനായുള്ള കൗൺസലിംഗാണ് നിലവിൽ തടസപ്പെട്ടിരിക്കുന്നത്.
ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ബിഹാർ, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്ന് നിരവധിപ്പേരെ സിബിഐ അറസ്റ്റ് ചെയ്‌തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണ്.

































