അപകീർത്തിയുണ്ടാക്കുന്നതും സഭ്യേതരവുമായ പരാമർശത്തിന്റെ പേരിൽ കോൺഗ്രസ് നേതാവ് സുപ്രിയ ശ്രിനേതിനും ബിജെപി നേതാവ് ദിലീപ് ഘോഷിനും തെരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടീസ്. ഇരുവരുടെയും പരാമർശങ്ങൾ മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നു വ്യക്തമാക്കിയ കമ്മിഷൻ വിശദീകരണം നൽകാൻ നിർദേശിച്ചു. ഹിമാചൽ പ്രദേശിലെ മാണ്ഡിയിൽ ബിജെപി സ്ഥാനാർഥിയായ നടി കങ്കണ റണാവത്തിനെതിരായ പരാമർശത്തിനാണ് കോൺഗ്രസിന്റെ സമൂഹമാധ്യമ വിഭാഗം അധ്യക്ഷ സുപ്രിയ ശ്രിനേതിന് നോട്ടീസ്. കങ്കണയുടെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചയുടൻ കടുത്ത അപകീർത്തി പരാമർശങ്ങളോടെ നടിയുടെ ചിത്രം ഇവർ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്യുകയായിരുന്നു
വിവാദമായതോടെ പോസ്റ്റ് പിൻവലിച്ച സുപ്രിയ തന്റെ ടീമിലുള്ള ആരോ ആണ് ഇതു ചെയ്തതെന്നും തനിക്ക് പങ്കില്ലെന്നും വിശദീകരിച്ചു. എന്നാൽ, ബിജെപിയുടെ പരാതിയിൽ കമ്മിഷൻ നോട്ടീസയച്ചു. ദേശീയ വനിതാ കമ്മിഷനും സുപ്രിയയ്ക്കെതിരേ നടപടി ആവശ്യപ്പെട്ടിരുന്നു.
പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരായ പരാമർശമാണ് ദിലീപ് ഘോഷിനെ കുടുക്കിയത്. ഗോവയിലും ത്രിപുരയിലും ചെല്ലുമ്പോൾ താൻ ആ സംസ്ഥാനങ്ങളുടെ മകളാണെന്നു പറയുന്ന മമത, തന്റെ അച്ഛനാരാണെന്ന് തീരുമാനിക്കണമെന്നായിരുന്നു ദിലീപ് ഘോഷിന്റെ അധിക്ഷേപം.

































