കോളേജ് അധികൃതര്‍ സസ്പെന്‍ഡ് ചെയ്തതിൻ്റെ മനോവിഷമത്തില്‍ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. വീട്ടിലെത്തിയ വിദ്യാര്‍ഥിയെ മുറിക്കുള്ളിലെ ശൗചാലയത്തിലാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. വെള്ളാര്‍ ക്രാഫ്റ്റ് വില്ലേജ് റോഡില്‍ കൈതവിളാകത്ത് ബിജുവിൻ്റെയും രാജിയുടെയും മകന്‍ ബിജിത്ത് കുമാര്‍(19) ആണ് മരിച്ചത്. സംഭവത്തില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥിയുടെ ബന്ധുക്കളും വിവിധ രാഷ്ട്രീയ പാര്‍ട്ടികളും ചേര്‍ന്ന് മൃതദേഹവുമായി വണ്ടിത്തടത്തെ കോളേജിന് മുന്നില്‍ പ്രതിഷേധിച്ചു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30 നായിരുന്നു സംഭവം. സോഷ്യല്‍ ജസ്റ്റിസ് ഫൗണ്ടേഷൻ്റെ നിയന്ത്രണത്തിലുള്ള വണ്ടിത്തടം എം.ജി. കോളേജ് ഓഫ് എന്‍ജിനീയറിങ്ങില്‍ പോളിടെക്‌നിക് വിഭാഗത്തിലുള്ള ഇലക്ട്രിക് ആന്‍ഡ് ഇലക്ട്രോണിക്‌സ് ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായിരുന്നു മരിച്ച ബിജിത്ത്.
കോളേജിലെ ക്ലാസ് മുറിയില്‍ ബിജിത്ത് ഉള്‍പ്പെടെ അഞ്ചുപേരെ അവശനിലയില്‍ കണ്ടെത്തിയിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട അധ്യാപകന്‍, പ്രിന്‍സിപ്പലിനെ വിവരമറിയിച്ചു. ഇതേത്തുടര്‍ന്ന് തിരുവല്ലം പോലീസിലും വിദ്യാര്‍ഥികളുടെ രക്ഷിതാക്കളെയും വിവരമറിയിച്ചു. പോലീസെത്തി നടത്തിയ പരിശോധനയില്‍ വിദ്യാര്‍ഥികള്‍ മദ്യപിച്ചതായി കണ്ടെത്തിയിരുന്നു.
നടപടിയുടെ ഭാഗമായി ബിജിത്ത് ഉള്‍പ്പെടെ അഞ്ചുപേരെ പ്രിന്‍സിപ്പല്‍ ഡോ. ജെയ്കുമാര്‍ സസ്പെന്‍ഡ് ചെയ്തതായി സ്ഥലത്തെത്തിയ രക്ഷിതാക്കളെ അറിയിച്ചു. ശേഷം ബിജിത്ത് കുമാര്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥികളെ രക്ഷിതാക്കള്‍ വീട്ടിലേക്ക് വിളിച്ചുകൊണ്ടുപോയെന്ന് സോഷ്യല്‍ ജസ്റ്റിസ് ഫൗണ്ടേഷൻ ജനറല്‍ സെക്രട്ടറി രാമചന്ദ്രന്‍ പറഞ്ഞു.
































