ജിദ്ദ: ഹജ്, ഉംറ സേവന സീസൺ വിസയൊന്നിന് 2,000 റിയാൽ തോതിൽ ബാങ്ക് ഗ്യാരണ്ടി കെട്ടിവെക്കൽ നിർബന്ധമാണെന്ന് പരിഷ്കരിച്ച താൽക്കാലിക വിസാ നിയമാവലി വ്യക്തമാക്കുന്നു. വിസാ അപേക്ഷക്കൊപ്പമാണ് തൊഴിലാളികളിൽ ഒരാൾക്ക് 2,000 റിയാൽ തോതിൽ ബാങ്ക് ഗ്യാരണ്ടി കെട്ടിവെക്കേണ്ടത്. തൊഴിലാളികളെ സ്വദേശങ്ങളിലേക്ക് തിരിച്ചയക്കാനുള്ള ചെലവ് ഇനത്തിലാണ് ഗ്യാരണ്ടി ഈടാക്കുന്നത്.
നിശ്ചിത സമയത്ത് തൊഴിലാളി സ്വദേശത്തേക്ക് തിരിച്ചുപോയത് സ്ഥിരീകരിക്കുന്ന രേഖകൾ സമർപ്പിച്ചാൽ ഗ്യാരണ്ടി തുക മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം തൊഴിലുടമക്ക് തിരികെ നൽകും. വിസ റദ്ദാക്കിയാലും ഗ്യാരണ്ടി തുക തിരിച്ചുനൽകും.
ഹജ്, ഉംറ സേവന സീസൺ വിസാ കാലാവധി ഒരു വർഷമാണ്. ഈ വിസയിൽ രാജ്യത്ത് പ്രവേശിക്കുന്നവർക്ക് ഹജ് കർമം നിർവഹിക്കാൻ അനുവാദമില്ല. സീസൺ വിസ സ്ഥിരം തൊഴിൽ വിസയാക്കി മാറ്റാനും അനുവദിക്കില്ല. സ്വകാര്യ സ്ഥാപനങ്ങൾ സമർപ്പിക്കുന്ന സീസൺ വിസാ അപേക്ഷകൾ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പഠിച്ച് വ്യവസ്ഥകൾക്ക് അനുസൃതമായി വിസകളുടെ എണ്ണം നിർണയിക്കുകയും വിസ അനുവദിക്കുകയും ചെയ്യും. ഹജ്, ഉംറ സേവന സീസൺ വിസകളിൽ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാവുന്ന രാജ്യങ്ങളും മന്ത്രാലയം നിർണയിക്കും. താൽക്കാലിക തൊഴിൽ വിസയിൽ 90 ദിവസം വരെ തൊഴിലാളിക്ക് സൗദിയിൽ തങ്ങാവുന്നതാണ്. ഒറ്റത്തവണ തത്തുല്യ കാലത്തേക്ക് ഇത് ദീർഘിപ്പിക്കാൻ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന് അധികാരമുണ്ട്. സൗദിയിൽ തങ്ങാവുന്ന കാലയളവ് അവസാനിക്കുന്നതിനു മുമ്പായി തൊഴിലാളി രാജ്യം വിട്ടിരിക്കണം. ഉപയോഗിക്കാത്ത സീസൺ വിസകൾ കാലാവധി അവസാനിക്കുന്ന മുറക്ക് മന്ത്രാലയം ഓട്ടോമാറ്റിക് ആയി റദ്ദാക്കും. തൊഴിലുടമകളുടെ അപേക്ഷ പ്രകാരം കാലാവധിക്കു മുമ്പും വിസ റദ്ദാക്കും. ഇത്തരം സാഹചര്യങ്ങളിൽ വിസാ ഫീസ് തിരികെ നൽകും.
ഹജ്, ഉംറ സേവനങ്ങൾ നൽകാൻ അംഗീകാരമുള്ള സ്ഥാപനങ്ങൾക്കു മാത്രമാണ് ഹജ്, ഉംറ സേവനത്തിനുള്ള താൽക്കാലിക വിസകൾ അനുവദിക്കുക. വിസാ അപേക്ഷക്കൊപ്പം സ്ഥാപനത്തിന്റെ സ്ഥിരം വിലാസം, താൽക്കാലിക തൊഴിൽ വിലാസം എന്നിവ സമർപ്പിക്കണം. തൊഴിലാളികളുമായി ഒപ്പുവെച്ച തൊഴിൽ കരാർ കോപ്പികളും മെഡിക്കൽ ഇൻഷുറൻസ് ഏർപ്പെടുത്തിയത് സ്ഥിരീകരിക്കുന്ന രേഖകളും വിസ സ്റ്റാമ്പ് ചെയ്യുന്നതിനു മുമ്പായി വിദേശങ്ങളിലെ സൗദി നയതന്ത്ര കാര്യാലയങ്ങൾക്ക് സമർപ്പിക്കലും നിർബന്ധമാണ്. ഉംറ സീസൺ തൊഴിലുകൾക്ക് റിക്രൂട്ട് ചെയ്യുന്ന തൊഴിലാളികൾക്ക് ശഅബാൻ 15 മുതൽ ശഅബാൻ അവസാനം വരെയുള്ള കാലത്തും ഹജ് സീസൺ തൊഴിലുകൾക്ക് റിക്രൂട്ട് ചെയ്യുന്ന തൊഴിലാളികൾക്ക് ശവ്വാൽ അഞ്ചു മുതൽ ദുൽഖഅ്ദ അവസാനം വരെയുള്ള കാലത്തും സൗദിയിൽ പ്രവേശിക്കാവുന്നതാണ്. ഇത്തരം വിസകളിൽ സൗദിയിൽ പ്രവേശിക്കുന്ന തൊഴിലാളികളുടെ രാജ്യത്തെ താമസ കാലം മുഹറം അവസാനം കവിയാൻ പാടില്ല.
സീസൺ വിസകളിൽ റിക്രൂട്ട് ചെയ്യുന്നവരെ സ്വദേശങ്ങളിലേക്ക് തിരിച്ചയക്കാനാകുന്ന ചെലവ് വിസാ അപേക്ഷകരാണ് വഹിക്കേണ്ടത്. വിസ അനുവദിക്കുമ്പോൾ സൗദി നയതന്ത്ര കാര്യാലയങ്ങൾ ‘ഹജ് നിർവഹിക്കാൻ അനുമതിയില്ല’ എന്ന വാചകം സീസൺ വിസകളിൽ ഇംഗ്ലീഷിലും അറബിയിലും രേഖപ്പെടുത്തും. ഈ വകുപ്പിൽ ഇളവ് നൽകാനുള്ള വ്യവസ്ഥകൾ ആഭ്യന്തര മന്ത്രാലയവും മാനവശേഷി, സാമൂഹിക വികസന മന്ത്രാലയവും മക്ക റോയൽ കമ്മീഷൻ ഡയറക്ടർ ബോർഡും ചേർന്ന് തയാറാക്കും.
































