ജിദ്ദ: സൗദിയിൽ ചരക്കുകളും ഉൽപന്നങ്ങളും വിദേശങ്ങളിലേക്ക് കയറ്റിഅയക്കുന്നവർക്കും വിദേശങ്ങളിൽ നിന്ന് രാജ്യത്തേക്ക് ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യുന്നവർക്കും പ്രോത്സാഹനമെന്നോണം സകാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റി പ്രഖ്യാപിച്ച പുതിയ ഫീസിളവുകൾ ഇന്നുമുതൽ പ്രാബല്യത്തിൽവരും. കയറ്റുമതിയുമായി ബന്ധപ്പെട്ട കസ്റ്റംസ് സേവനങ്ങൾക്കുള്ള ഫീസുകൾ ഇന്നലെ മുതൽ പൂർണമായും ഇല്ലാതായി. കസ്റ്റംസ് ഡാറ്റ പ്രോസസ്സിംഗ്, ഈയം ഉപയോഗിച്ചുള്ള സീൽപതിക്കൽ, കരാതിർത്തി പോസ്റ്റുകളിലെ പോർട്ടർ സേവനങ്ങൾ, എക്സ‌്‌റേ പരിശോധന, കസ്റ്റംസ് ഡാറ്റാ വിവരങ്ങളുടെ കൈമാറ്റം, സ്വകാര്യ ലബോറട്ടറികളിലെ സാമ്പിൾ പരിശോധനാ ഫലങ്ങളുടെ കൈമാറ്റം എന്നീ സേവനങ്ങൾക്കുള്ള ഫീസുകളെല്ലാം ഇല്ലാതാകും.
































