ജിദ്ദ: വിദേശ തൊഴിലാളികളുടെ ഇഖാമ നഷ്ടപ്പെട്ടാൽ സ്വീകരിക്കേണ്ട നടപടികൾ ജവാസാത്ത് ഡയറക്ടറേറ്റ് വിശദീകരിച്ചു. ജവാസാത്തിന്റെ മുഖീം പോർട്ടലിൽ രജിസ്റ്റർ ചെയ്ത സ്വകാര്യ സ്ഥാപനങ്ങൾ തങ്ങൾക്ക് കീഴിലെ തൊഴിലാളികളുടെ ഇഖാമ നഷ്ടപ്പെട്ടതിനെ കുറിച്ച് മുഖീം പോർട്ടൽ വഴി അറിയിക്കുകയാണ് വേണ്ടത്. മുഖീം പോർട്ടലിൽ പ്രവേശിച്ച് നഷ്ടപ്പെട്ട ഇഖാമയുടെ നമ്പർ നൽകി വിദേശിയുടെ പേരുവിവരങ്ങളും മറ്റും പരിശോധിക്കാൻ കഴിയും. ഇതിനു ശേഷം ജവാസാത്ത് സേവനം തെരഞ്ഞെടുത്ത് ഇഖാമ നഷ്ടപ്പെട്ടതായി റിപ്പോർട്ട് ചെയ്യണം.
തുടർന്ന് പുതിയ ഇഖാമക്കു വേണ്ടി ഏറ്റവും അടുത്തുള്ള ജവസാത്ത് ഡയറക്ടറേറ്റ് ഓഫീസിനെ നേരിട്ട് സമീപിക്കണം. ഇഖാമ നഷ്ടപ്പെട്ടതായി ഓൺലൈൻ ആയി രജിസ്റ്റർ ചെയ്താൽ പിന്നീട് ഇത് റദ്ദാക്കാനോ പഴയ ഇഖാമ വീണ്ടും ഉപയോഗിക്കാനോ കഴിയില്ല. ഇത്തരം സാഹചര്യങ്ങളിൽ പുതിയ ഇഖാമ ഇഷ്യു ചെയ്യാൻ ഇഖാമ നഷ്ടപ്പെട്ടതായി നൽകിയ പരാതിയുടെ സ്റ്റാറ്റസ് നിരീക്ഷിക്കുകയാണ് വേണ്ടതെന്നും ജവാസാത്ത് പറഞ്ഞു.
അതേസമയം, ഗാർഹിക തൊഴിലാളികളുടെ ഇഖാമ പതിനാലു മാസം മുമ്പ് പുതുക്കാവുന്നതാണെന്ന് ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിന് മറുപടിയായി ജവാസാത്ത് പറഞ്ഞു. കാലാവധി അവസാനിക്കാൻ പതിനാലു മാസത്തിൽ കുറവ് ശേഷിക്കെ ഗാർഹിക തൊഴിലാളികളുടെ ഇഖാമ പുതുക്കാവുന്നതാണ്. സ്വകാര്യ മേഖലാ ജീവനക്കാരുടെ ഇഖാമ ആറു മാസത്തിൽ കുറവ് കാലാവധി ശേഷിക്കെയും പുതുക്കാവുന്നതാണ്. സ്വകാര്യ മേഖലാ ജീവനക്കാരുടെ ഇഖാമ പുതുക്കാൻ കാലാവധിയുള്ള വർക്ക് പെർമിറ്റും ഹെൽത്ത് ഇൻഷുറൻസ് പോളിസിയും ഉണ്ടായിരിക്കണമെന്നും ജവാസാത്ത് പറഞ്ഞു.

































