റിയാദ്: സൂപ്പർ സ്പെഷ്യലൈഷൻ നേടിയ അതിവിദഗ്ഗ ഡോക്ടർമാർ അടക്കം 2,645 ആരോഗ്യ പ്രവർത്തകർക്ക് സൗദിയിൽ ഇതുവരെ പ്രീമിയം ഇഖാമ അനുവദിച്ചതായി ആരോഗ്യ മന്ത്രി ഫഹദ് അൽജലാജിൽ അറിയിച്ചു. പ്രീമിയം ഇഖാമ അനുവദിക്കുന്നതിൽ മുൻഗണന നൽകുന്ന അസാധാരാണ കഴിവുകളുള്ള, 56 രാജ്യങ്ങളിൽ നിന്നുള്ള, 152 ഹെൽത്ത് സ്പെഷ്യാലിറ്റികളിൽ പെട്ട ഡോക്ടർമാർക്കും ആരോഗ്യപ്രവർത്തകർക്കും പ്രീമിയം ഇഖാമ ലഭിച്ചിട്ടുണ്ട്.
ആരോഗ്യ മേഖലയെ ശക്തിപ്പെടുത്താനും വികസിപ്പിക്കാനും അസാധാരണമായ കഴിവും യോഗ്യതകളുമുള്ള ആരോഗ്യ പ്രവർത്തകരെ ആകർഷിക്കാനും നേരത്തെ സ്വീകരിച്ച നടപടികളുടെ തുടർച്ചയായാണ് ഇത്രയും ആരോഗ്യ പ്രവർത്തകർക്ക് പ്രീമിയം ഇഖാമ അനുവദിച്ചത്. ആരോഗ്യ മേഖലാ പരിവർത്തന പ്രോഗ്രാമുകളുടെ ലക്ഷ്യങ്ങൾ കൈവരിക്കാനും, ജീവിത നിലവാരം ഉയർത്തുകയും സാമൂഹത്തിന്റെ ചൈതന്യം വർധിപ്പിക്കുകയും ചെയ്യുന്ന വിധത്തിൽ മനുഷ്യന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടുള്ള ഘട്ടത്തിന്റെ ആവശ്യകതകൾക്കനുസൃതമായാണ് പ്രീമിയം ഇഖാമ അനുവദിക്കുന്നതെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
അസാധാരണ കഴിവുകളുള്ളവർക്കുള്ള ഇഖാമ, പ്രതിഭകൾക്കുള്ള ഇഖാമ, ബിസിനസ് നിക്ഷേപകർക്കുള്ള ഇഖാമ, സംരംഭകർക്കുള്ള ഇഖാമ, റിയൽ എസ്റ്റേറ്റ് ഉടമക്കുള്ള ഇഖാമ, കാലയളവ് പ്രത്യേകം നിർണയിച്ച ഇഖാമ, കാലയളവ് നിർണയിക്കാത്ത ഇഖാമ എന്നീ ഏഴിനം ഉൽപന്നങ്ങളാണ് പ്രീമിയം റെസിഡൻസി സെന്റർ നൽകുന്നത്. കുടുംബത്തോടൊപ്പം സൗദിയിൽ താമസിക്കൽ, റിയൽ എസ്റ്റേറ്റുകൾ സ്വന്തം ഉടമസ്ഥതയിൽ വാങ്ങൽ, ബന്ധുക്കൾക്ക് ആതിഥ്യം നൽകൽ, ബിസിനസ് ചെയ്യാനുള്ള അവകാശം, വിസയില്ലാതെ സൗദിയിൽ നിന്ന് പുറത്തുപോകാനും രാജ്യത്ത് തിരികെ പ്രവേശിക്കാനുമുള്ള അനുമതി എന്നിവ അടക്കം നിരവധി സവിശേഷതകൾ പ്രീമിയം ഇഖാമ ഉടമകൾക്ക് ലഭിക്കും.

































