ആലപ്പുഴ: ആവേശക്കടലായ പമ്പാനദിയിൽ പുതിയൊരു ചരിത്രം കുറിച്ചുകൊണ്ട് ഈ സീസണിലെ ആദ്യ വള്ളംകളിയായ ചമ്പക്കുളം ജലമേളയിൽ അരോമ ചുണ്ടൻ കിരീടം ചൂടി. പങ്കെടുത്ത ആദ്യ ജലമേളയിൽത്തന്നെ, വള്ളംകളിയിലെ കരുത്തരായ നടുഭാഗം ചുണ്ടനെ ഒരു വള്ളപ്പാടിലേറെ ദൂരത്തിന് പിന്നിലാക്കിയാണ് അരോമ ബോട്ട് ക്ലബ് തുഴഞ്ഞ അരോമ ചുണ്ടൻ ചരിത്രപ്രസിദ്ധമായ രാജപ്രമുഖൻ ട്രോഫി സ്വന്തമാക്കിയത്. വാശിയേറിയ പോരാട്ടത്തിൽ നടുഭാഗം ചുണ്ടൻ രണ്ടാം സ്ഥാനവും, നടുവിലെ പറമ്പൻ മൂന്നാം സ്ഥാനവും നേടി.
മൂന്ന് ഹീറ്റ്സുകളിലായി ആകെ ഏഴ് ചുണ്ടൻ വള്ളങ്ങളാണ് ഇക്കുറി ചമ്പക്കുളത്തിന്റെ ഓളപ്പരപ്പിൽ മാറ്റുരച്ചത്
മറ്റ് വിഭാഗങ്ങളിലെ വിജയികൾ:
- ഇരുട്ടുകുത്തി എ ഗ്രേഡ്: പി. ജി. കർണൻ
- ഇരുട്ടുകുത്തി ബി ഗ്രേഡ്: സെന്റ് ജോസഫ്
- വെപ്പ് വള്ളങ്ങൾ: ഷോട്ട് പുളിക്കത്തറ, പുന്നത്ര പുരയ്ക്കൽ
സിബിഎൽ കൂടുതൽ ഗംഭീരമാക്കും; വള്ളംകളി ഗ്രാൻഡ് കൂട്ടും: ടൂറിസം മന്ത്രി
ചാമ്പ്യൻസ് ബോട്ട് ലീഗ് (CBL) വരും വർഷങ്ങളിൽ കൂടുതൽ മികച്ച രീതിയിൽ സംഘടിപ്പിക്കുമെന്ന് ജലമേളയുടെ വേദിയിൽ വെച്ച് ടൂറിസം മന്ത്രി പി. സി. വിഷ്ണുനാഥ് പ്രഖ്യാപിച്ചു. സിബിഎൽ കൂടുതൽ ഗംഭീരമാക്കുന്നതിനൊപ്പം വള്ളംകളികൾക്കുള്ള ഗ്രാൻഡ് തുക വർദ്ധിപ്പിക്കുമെന്നും മന്ത്രി ഉറപ്പുനൽകി.
അവധി വിവാദവും പ്രതിഷേധവും
സർക്കാർ അവധി നൽകാത്തതിനെതിരെ മുഖ്യമന്ത്രിയെ പരിഹസിച്ചുകൊണ്ടുള്ള ബോർഡുകളുയർത്തിയുള്ള പ്രതിഷേധവും ഇത്തവണത്തെ വള്ളംകളിക്കിടെ ശ്രദ്ധേയമായി. എന്നാൽ, സർക്കാർ അവധി കൊടുത്തില്ലെങ്കിലും ഒട്ടും ചോരാത്ത ആവേശവുമായി പമ്പയാറിന്റെ ഇരുതലപ്പിലും തിങ്ങിനിറഞ്ഞ ജനസാഗരമാണ് ഈ സീസണിലെ ആദ്യ ജലമേളയെ അതിഗംഭീരമാക്കിയത്.
.
































