ചെന്നൈ: തനിക്കെതിരെ അടിസ്ഥാനരഹിതവും അപകീർത്തികരവുമായ അഴിമതി ആരോപണങ്ങൾ ഉന്നയിച്ചെന്ന് കാണിച്ച് തമിഴ്നാട് മുൻ മുഖ്യമന്ത്രിയും മുതിർന്ന ഡി.എം.കെ നേതാവുമായ എം.കെ. സ്റ്റാലിന്റെ മരുമകൻ വി. ശബരീശൻ ടി.വി.കെ മന്ത്രിമാർക്കെതിരെ വക്കീൽ നോട്ടീസ് അയച്ചു. ആരോപണമുന്നയിച്ച ടി.വി.കെ മന്ത്രിമാരായ ആദവ് അർജുന, നിർമ്മൽ കുമാർ എന്നിവർ ഉടനടി നിരുപാധികം മാപ്പ് പറയണമെന്നും അല്ലാത്തപക്ഷം ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും കാണിച്ചാണ് നോട്ടീസ് നൽകിയിരിക്കുന്നത്.
വ്യത്യസ്ത പത്രസമ്മേളനങ്ങളിലായി മന്ത്രിമാർ നടത്തിയ പരാമർശങ്ങൾക്കെതിരെയാണ് ശബരീശൻ രംഗത്തെത്തിയിരിക്കുന്നത്. തനിക്കെതിരെ യാതൊരുവിധ തെളിവുകളുമില്ലാത്ത അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഇവർ ഉന്നയിച്ചതെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഇരുവരും ഉടനടി നിരുപാധികം മാപ്പ് പറയുകയും അഴിമതി ആരോപണ പ്രസ്താവനകൾ പിൻവലിക്കുകയും വേണമെന്നാണ് ശബരീശന്റെ ആവശ്യം.
നോട്ടീസിലെ പ്രധാന പരാമർശങ്ങൾ:
- വൈദ്യുതി ബോർഡ് വകുപ്പിലെ സംഭരണ പ്രക്രിയകളിലെ അഴിമതിയുമായി ശബരീശന് ബന്ധമുണ്ടെന്ന മന്ത്രി നിർമൽ കുമാറിന്റെ പരാമർശത്തെ നോട്ടീസിൽ പ്രത്യേകം ചൂണ്ടിക്കാണിക്കുന്നു.
- 16 സർക്കാർ വകുപ്പുകളിലായി നടന്ന അഴിമതികളിൽ ശബരീശന് പങ്കുണ്ടെന്ന ആദവ് അർജുനയുടെ ആരോപണവും നോട്ടീസിലുണ്ട്.
- എന്നാൽ ഈ ആരോപണങ്ങളെല്ലാം വ്യാജവും അടിസ്ഥാനരഹിതവും തന്റെ വ്യക്തിത്വത്തെ ഹനിക്കുന്നതുമാണെന്ന് വിശേഷിപ്പിച്ചുകൊണ്ട് ശബരീശൻ പൂർണ്ണമായും തള്ളിക്കളഞ്ഞു.
- ‘ഏതു സമയത്തും തിരഞ്ഞെടുപ്പ് വരാം’; അസ്ഥിരമെന്ന് സ്റ്റാലിൻ
- ഭരണകക്ഷിയായ ടി.വി.കെ.യും പ്രതിപക്ഷമായ ഡി.എം.കെ.യും തമ്മിൽ രാഷ്ട്രീയ പോര് രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിയമപോരാട്ടം. സി. ജോസഫ് വിജയ് നയിക്കുന്ന സർക്കാരിന് സ്വന്തമായി ഭരിക്കാൻ ആവശ്യത്തിന് അംഗബലം ഇല്ലെന്നും അഞ്ച് വർഷത്തെ കാലാവധി പൂർത്തിയാക്കാൻ ഈ സർക്കാരിന് കഴിയില്ലെന്നും കഴിഞ്ഞ ദിവസം ഡി.എം.കെ. പ്രസിഡന്റ് എം.കെ. സ്റ്റാലിൻ പറഞ്ഞിരുന്നു.
- ഡിഎംകെ നേതൃത്വത്തിലുള്ള സഖ്യത്തിന്റെ ഭാഗമായിരുന്ന പാർട്ടികളുടെ പിന്തുണ മാത്രമാണ് ഈ സർക്കാരിന്റെ നിലനിൽപ്പെന്ന് അവകാശപ്പെട്ട സ്റ്റാലിൻ വ്യക്തമാക്കിയത് ഇങ്ങനെ:
“ഡിഎംകെ സർക്കാർ രൂപീകരിക്കണമെന്ന് ആഗ്രഹിച്ചാണ് ജനങ്ങൾ വോട്ട് ചെയ്തത്. അടുത്ത കാലം വരെ ഞങ്ങളുടെ പുരോഗമന സഖ്യത്തിന്റെ ഭാഗമായിരുന്ന ചില പാർട്ടികളുടെ തന്ത്രപരമായ വിന്യാസവും പിന്തുണയും കാരണം മാത്രമാണ് ഈ ടിവികെ വാഹനത്തിന് നീങ്ങാൻ കഴിയുന്നത്. ഇതൊരു അസ്ഥിരമായ സജ്ജീകരണമാണ്. ഏത് ജംഗ്ഷനിലോ തിരിവിലോ ഈ വാഹനം അതിന്റെ സന്തുലിതാവസ്ഥ നഷ്ടപ്പെട്ട് പെട്ടെന്ന് നിലയ്ക്കുമെന്ന് ഞങ്ങൾക്കറിയില്ല. അതിനാൽ, ഏത് സമയത്തും തിരഞ്ഞെടുപ്പ് വരാം. അത് മൂന്ന് മാസത്തിനുള്ളിലോ ആറ് മാസത്തിനുള്ളിലോ സംഭവിക്കാം. അഞ്ച് വർഷം വരെ കാത്തിരിക്കാൻ ഞങ്ങൾക്ക് കഴിയില്ല.”
വരാനിരിക്കുന്ന ഏതു സാഹചര്യത്തെയും നേരിടാൻ പാർട്ടി പ്രവർത്തകർ സന്നദ്ധരായിരിക്കണമെന്നും സ്റ്റാലിൻ ആഹ്വാനം ചെയ്തു. ഈ രാഷ്ട്രീയ വാക്പോരുകൾക്കിടയിൽ ശബരീശൻ അയച്ച വക്കീൽ നോട്ടീസ് തമിഴ്നാട് രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.
































