റിയാദ് – ദേശവിരുദ്ധ പ്രവർത്തനം നടത്തിയ രണ്ടു സൗദി ഭീകരക്ക് റിയാദിൽ ഇന്നലെ വധശിക്ഷ നടപ്പാക്കി. ഖാലിദ് ബിൻ മുഹമ്മദ് ബിൻ താലിഅ് അൽശഹ്‌രി, ഉമർ ബിൻ ദാഫിർ ബിൻ അലി അൽശഹ്‌രി എന്നിവർക്കാണ് ശിക്ഷ നടപ്പാക്കിയത്. ഇരുവരും ദേശവിരുദ്ധ പ്രവർത്തം നടത്തുകയും ഭീകര സംഘടനയിൽ ചേർന്ന് പ്രവർത്തിക്കുകയും ഭീകരർക്കു വേണ്ടി ചാരവൃത്തി നടത്തുകയും ഭീകരപ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം നൽകുകയും ഭീകരാക്രമണങ്ങളിൽ പങ്കാളിത്തം വഹിക്കുകയും ചെയ്തതായി തെളിഞ്ഞിരുന്നു.
ഇവർ നടത്തിയ ഭീകരാക്രമണങ്ങളിൽ ഏതാനും സുരക്ഷാ സൈനികർ മരണപ്പെട്ടിരുന്നു. ആയുധങ്ങളും ബെൽറ്റ് ബോംബുകളും ഉപയോഗിക്കൽ, സുരക്ഷാ വകുപ്പ് ആസ്ഥാനങ്ങൾക്കു നേരെ ആക്രമണങ്ങൾ നടത്തൽ, സാമൂഹിക സുരക്ഷയും സ്ഥിരതയും തകർക്കുകയെന്ന ലക്ഷ്യത്തോടെ ആളുകളുടെ ജീവനും സ്വത്തും മാനവും കവരുന്നത് അനുവദനീയമാക്കുന്ന ഭീകരാശയം പിൻപറ്റൽ എന്നീ കുറ്റകൃത്യങ്ങളും ഇരുവരും നടത്തിയിരുന്നു.

































