മെയ് വരെ രാജ്യത്തിൻ്റെ മിക്ക ഭാഗങ്ങളിലും സാധാരണയിലും ഉയർന്ന താപനില പ്രവചിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്(IMD). വടക്കുകിഴക്കൻ ഇന്ത്യ, പടിഞ്ഞാറൻ ഹിമാലയൻ പ്രദേശം, തെക്കുപടിഞ്ഞാറൻ ഉപദ്വീപ്, പടിഞ്ഞാറൻ തീരം എന്നിവയൊഴികെ രാജ്യത്തിൻ്റെ മറ്റ് ഭാഗങ്ങളിലും ഉഷ്ണ തരംഗമുണ്ടാകും(heat wave). ഇന്ത്യയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും കുറഞ്ഞ താപനിലയിലും വർധന അനുഭവപ്പെടും. അതേസമയം മാർച്ചിൽ രാജ്യത്ത് സാധാരണയിലും കൂടുതൽ മഴ രേഖപ്പെടുത്താൻ സാധ്യതയുണ്ട്. ദീർഘകാല ശരാശരിയായ 29.9 മില്ലീമീറ്ററിൻ്റെ 117 ശതമാനത്തിലധികം മഴപെയ്യുമെന്നാണ് പ്രവചനം
രാജ്യത്തിൻ്റെ ഭൂരിഭാഗം പ്രദേശങ്ങളിലും, പ്രത്യേകിച്ച് രാജസ്ഥാൻ, ഗുജറാത്ത്, ഹരിയാന, പഞ്ചാബ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ബിഹാർ, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ, ഒഡീഷ, ഛത്തീസ്ഗഡ്, തെലങ്കാന, ആന്ധ്രാപ്രദേശ്, കർണാടക, തമിഴ്‌നാടിൻ്റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ ഉഷ്ണതരംഗം വർദ്ധിക്കാൻ സാധ്യതയുള്ള ദിവസങ്ങളുടെ എണ്ണവും കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിട്ടുണ്ട്. മാർച്ച് മുതൽ മെയ് വരെയുള്ള കാലയളവിലാണിത്. തെലങ്കാന, ആന്ധ്രാപ്രദേശ്, വടക്കൻ കർണാടക എന്നിവിടങ്ങളിലും മഹാരാഷ്ട്രയുടെയും ഒഡീഷയുടെയും പല ഭാഗങ്ങളിലും സാധാരണയേക്കാൾ കൂടുതൽ ചൂടുള്ള ദിവസങ്ങൾ ഏറെയാണ്.
മാർച്ചിൽ രാജ്യത്തെ ഭൂരിഭാഗം പ്രദേശങ്ങളിലും സാധാരണയിലും കൂടുതലുള്ള മഴയാണ് പ്രതീക്ഷിക്കുന്നത്. അതേസമയം ഐഎംഡി അറിയിപ്പ് പ്രകാരം മാർച്ചിൽ ഉത്തരേന്ത്യയിലും മധ്യ ഇന്ത്യയിലും ഹീറ്റ്‌വേവ് അവസ്ഥ പ്രതീക്ഷിക്കുന്നില്ല.

































