മട്ടാഞ്ചേരി: പശ്ചിമേഷ്യൻ യുദ്ധ അന്തരീക്ഷവും യൂറോപ്യൻ സാമ്പത്തിക പ്രതിസന്ധിയും കൊച്ചി തുറമുഖത്തെ ആഡംബര കപ്പൽ വിനോദസഞ്ചാര (ക്രൂയിസ് ടൂറിസം) മേഖലയ്ക്ക് കനത്ത തിരിച്ചടിയാകുന്നു. പോർട്ട് അതോറിറ്റിക്കും അനുബന്ധ ടൂറിസം മേഖലയ്ക്കും കോടികളുടെ വരുമാന നഷ്ടമാണ് ഇതിലൂടെ ഉണ്ടായത്. രണ്ടായിരത്തിലേറെ തൊഴിലവസരങ്ങളും ഇല്ലാതായി.
2025-26 ക്രൂയിസ് സീസണിൽ 64 ആഡംബര കപ്പലുകൾ കൊച്ചിയിലെത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും വെറും 13 കപ്പലുകൾ മാത്രമാണ് എത്തിയത്. കഴിഞ്ഞ കാൽനൂറ്റാണ്ടിനിടെ ഒരു സീസണിൽ ഇത്രയും കുറഞ്ഞ കപ്പലുകൾ എത്തുന്നത് ആദ്യമായാണെന്ന് ക്രൂയിസ് കപ്പൽ ഏജൻസികൾ വ്യക്തമാക്കുന്നു. കോവിഡിനു ശേഷം തിരിച്ചുവരവിന്റെ പാതയിലായിരുന്ന മേഖലയ്ക്ക് യുദ്ധഭീതി വലിയ പ്രഹരമായി മാറി.
പ്രതിവർഷം വൻ വരുമാന നഷ്ടം
നവംബർ മുതൽ മേയ് വരെയുള്ള കാലയളവിലാണ് ആഗോള ക്രൂയിസ് ടൂറിസം സീസൺ. സാധാരണയായി പ്രതിവർഷം ശരാശരി 45 ഓളം വിദേശ ആഡംബര കപ്പലുകളാണ് കൊച്ചിയിലെത്താറുള്ളത്. ഇത്തവണ നവംബറിൽ 270 സർവകലാശാലകളിൽ നിന്നുള്ള 700-ഓളം വിദ്യാർഥികളുമായി എത്തിയ ‘വേൾഡ് ഒഡീസി’ ആയിരുന്നു ആദ്യ കപ്പൽ.
ഒരു വിദേശ കപ്പൽ തുറമുഖത്തെത്തുമ്പോൾ വാർഫേജ് നിരക്കടക്കം 40 മുതൽ 60 ലക്ഷം രൂപ വരെ തുറമുഖത്തിന് ലഭിക്കാറുണ്ട്. കൂടാതെ ക്ലിയറിങ്, കുടിവെള്ള വിതരണം, വൈദ്യപരിശോധന, മാലിന്യനീക്കം തുടങ്ങിയ ഇനങ്ങളിലും വരുമാനം ലഭിച്ചിരുന്നു. കപ്പലുകൾ കുറഞ്ഞതോടെ പോർട്ട് അതോറിറ്റിക്ക് മാത്രം പ്രതിവർഷം 15 മുതൽ 20 കോടി രൂപയുടെ വരുമാന നഷ്ടമാണുണ്ടായത്.
പ്രാദേശിക സാമ്പത്തിക രംഗത്തിനും ആഘാതം
ഒരു സീസണിൽ അരലക്ഷത്തോളം വിനോദസഞ്ചാരികളാണ് സാധാരണയായി കൊച്ചിയിലെത്താറുള്ളത്. 600 മുതൽ 2,800 വരെ യാത്രക്കാരും 1,200-ലേറെ ജീവനക്കാരും അടങ്ങുന്നതാണ് ഓരോ കപ്പലും. ഒരു സഞ്ചാരി ശരാശരി 800 മുതൽ 1,100 ഡോളർ വരെ (ഏകദേശം 8,000 – 10,000 രൂപ) പ്രാദേശികമായി ചെലവഴിക്കാറുണ്ട്. സഞ്ചാരികളുടെ എണ്ണം കുറഞ്ഞതോടെ പ്രാദേശികമായി 40 കോടി രൂപയുടെ വരെ വരുമാന നഷ്ടമാണ് കണക്കാക്കുന്നത്. കൂടാതെ വാഹന ഗതാഗത മേഖലയ്ക്കും വലിയ തിരിച്ചടിയുണ്ടായി.
വിനോദസഞ്ചാരികൾക്കായി മികച്ച സൗകര്യങ്ങളോടെ പുതിയ ക്രൂയിസ് ടെർമിനലും നിരക്കിളവുകളും കൊച്ചി പോർട്ട് അതോറിറ്റി സജ്ജമാക്കിയിരുന്നു. മുംബൈ, കൊച്ചി, ലക്ഷദ്വീപ്, ഗോവ എന്നിവയെ ബന്ധിപ്പിച്ചുള്ള ആഭ്യന്തര ക്രൂയിസ് സർവീസുകളും കൊച്ചി കേന്ദ്രീകരിച്ച് നടക്കുന്നുണ്ട്. എന്നിരുന്നാലും, വിദേശ കപ്പലുകളുടെ വരവ് കുത്തനെ ഇടിഞ്ഞത് മേഖലയെ വലിയ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.































