പത്തനംതിട്ട: അംഗൻവാടിയിൽ പോകാനായി ഒരുങ്ങിനിന്ന മൂന്ന് വയസ്സുകാരി വീടിനുള്ളിൽ വെച്ച് വൈദ്യുതാഘാതമേറ്റ് മരിച്ചു. റാന്നി വയലത്തല തുണ്ടിപ്പറമ്പിൽ സാന്ദ്രയുടെയും ബിനോയ് തോമസിന്റെയും മകൾ അവന്തികയാണ് ദാരുണമായി കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ ഒൻപതോടെ വയലത്തലയിലെ മാതൃവീട്ടിലായിരുന്നു അപകടം.
അംഗൻവാടിയിൽ പോകാനായി അവന്തികയെ ഒരുക്കി നിർത്തിയ ശേഷം അമ്മ സാന്ദ്ര കുളിക്കാൻ പോയ സമയത്താണ് സംഭവം. തിരിച്ചെത്തിയ അമ്മ കണ്ടത് നാസിക് ഡോളിന്റെ ഫ്രെയിമിലേക്ക് കുട്ടി ചരിഞ്ഞു കിടക്കുന്നതാണ്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അമ്മ സാന്ദ്രയ്ക്കും ശക്തമായ ഷോക്കേറ്റു.
ഉടൻ തന്നെ മെയിൻ സ്വിച്ച് ഓഫാക്കിയ ശേഷം, നിലവിളി കേട്ടെത്തിയ അയൽവാസികളും വയറിങ് തൊഴിലാളികളും ചേർന്ന് കുട്ടിയെ ഉടൻ തന്നെ റാന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അപകടകാരണം:
മൊബൈൽ ഫോൺ ചാർജ് ചെയ്യാൻ ഉപയോഗിച്ചിരുന്ന എക്സ്റ്റൻഷൻ കോഡ് വയറിന്റെ ഇൻസുലേഷൻ പോയ ഭാഗത്തുനിന്ന്, നാസിക് ഡോളിന്റെ ഇരുമ്പ് ഫ്രെയിമിലേക്ക് വൈദ്യുതി പ്രവഹിച്ചതാണ് അപകടത്തിന് കാരണമായതെന്ന് കരുതുന്നു. ഡ്രമ്മിൽ പിടിച്ച് എഴുന്നേൽക്കാൻ ശ്രമിച്ചപ്പോഴാണ് കുട്ടിക്ക് ഷോക്കേറ്റത്.
പുല്ലാട് സ്വദേശിയായ പിതാവ് ബിനോയ് തോമസ് രാവിലെ തന്നെ ജോലിക്കായി പോയിരുന്നു. പുല്ലാട്ടുള്ള വീട്ടിൽ നിന്നും അംഗൻവാടിയിൽ പോകാനായി വയലത്തലയിലെ അമ്മയുടെ വീട്ടിൽ എത്തിയപ്പോഴായിരുന്നു ദുരന്തം. ആദിയാണ് അവന്തികയുടെ ഇളയ സഹോദരൻ. സംഭവസ്ഥലത്ത് റാന്നി പോലീസും കെ.എസ്.ഇ.ബി അധികൃതരും പരിശോധന നടത്തി.
































