തൂത്തുക്കുടി: തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്കെതിരെ വിവാദ പരാമർശം നടത്തിയ ഡിഎംകെ എംഎൽഎ അറസ്റ്റിൽ. വിളാത്തുകുളം മണ്ഡലത്തിലെ എംഎൽഎ ആയ മാർക്കണ്ഡേയനെയാണ് കഴിഞ്ഞ ദിവസം പുലർച്ചെ തൂത്തുക്കുടി പൊലീസ് വസതിയിലെത്തി കസ്റ്റഡിയിലെടുത്തത്.
കോവിൽപട്ടിയിൽ വോട്ടർമാർക്ക് നന്ദി അറിയിക്കുന്നതിനായി ഡിഎംകെ സംഘടിപ്പിച്ച പൊതുസമ്മേളനത്തിലാണ് മാർക്കണ്ഡേയൻ മുഖ്യമന്ത്രി വിജയ്ക്കെതിരെ അതിരൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ചത്.
തമിഴ്നാട്ടിൽ മാത്രമല്ല, ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ ഇത്രയും മോശക്കാരനായ ഒരു മുഖ്യമന്ത്രി ഉണ്ടായിട്ടില്ലെന്നായിരുന്നു മാർക്കണ്ഡേയന്റെ പരാമർശം. മുൻ ഉപമുഖ്യമന്ത്രിയെ നോക്കി “നിങ്ങളുടെ അച്ഛനെയാണ് ഞാൻ തെരയുന്നത്” എന്ന് വിജയ് നിയമസഭയിൽ പറഞ്ഞതായും, ഇത്തരമൊരു പ്രസംഗം താൻ എവിടെയും കേട്ടിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
എംഎൽഎയുടെ പരാമർശങ്ങൾക്കെതിരെ ടിവികെ തൂത്തുക്കുടി നോർത്ത് ജില്ലാ സെക്രട്ടറി ബാലസുബ്രഹ്മണ്യനാണ് പൊലീസിൽ പരാതി നൽകിയത്. നേരത്തെ, വിജയ്ക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന ആരോപണത്തിൽ തിരുച്ചെന്തൂർ മണ്ഡലത്തിലെ ഡിഎംകെ എംഎൽഎ അനിതാ രാധാകൃഷ്ണനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.































