വര്‍ഷങ്ങള്‍ നീണ്ട ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് മോചനം നേടിയതിന്റെ ഓര്‍മ്മ പുതുക്കി ഇന്ത്യ ഇന്ന് 77ാം സ്വാതന്ത്ര്യ ദിനാഘോഷത്തില്‍. 1947 ഓഗസ്റ്റ് 15-ന് അധികാരം കൈമാറി ബ്രിട്ടന്‍ ഇന്ത്യയില്‍ നിന്ന് പിന്‍വാങ്ങിയതോടെ അവസാനമായത് ഏതാണ്ട് ഒരു നൂറ്റാണ്ടുകാലം നീണ്ടുനിന്ന സ്വാതന്ത്ര്യ സമര പോരാട്ടങ്ങള്‍ക്കാണ്. എല്ലാ വര്‍ഷവും ഓഗസ്റ്റ് 15-നാണ് രാജ്യം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നത്. ഈ ദിവസം രാജ്യത്തുടനീളം വിവിധ ആഘോഷ പരിപാടികള്‍ നടക്കും. സ്‌കൂളുകളിലും സര്‍ക്കാര്‍ ഓഫീസുകളിലും പൊതുസ്ഥലങ്ങളിലും ദേശീയ പതാക ഉയര്‍ത്തും.
രാജ്യം അതിന്റെ 76-ാമത് സ്വാതന്ത്ര്യ ദിനമാണോ അല്ലെങ്കില്‍ 77-ാമത് സ്വാതന്ത്ര്യദിനമാണോ ആഘോഷിക്കുന്നതെന്ന ആശയക്കുഴപ്പം ചിലര്‍ക്കെങ്കിലുമുണ്ടാകും.എന്നാല്‍ ഈ സംശയം തീര്‍ക്കുകയാണ് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ. പിഐബി പറയുന്നത് പ്രകാരം 2023ല്‍ 77-ാം സ്വാതന്ത്ര്യദിനമാണ് രാജ്യം ആഘോഷിക്കുന്നത്. ഈ വര്‍ഷം ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 76-ാം വാര്‍ഷികമായി കണക്കാക്കാം, കാരണം ഒന്നാം വാര്‍ഷികം യഥാര്‍ത്ഥ വര്‍ഷമായ 1947 കഴിഞ്ഞ് 1948 മുതലാണ് ആഘോഷിച്ചുതുടങ്ങുക. അതിനാല്‍, 2023ല്‍ 77-ാം സ്വാതന്ത്ര്യദിനവും 76-ാം സ്വാതന്ത്ര്യദിന വാര്‍ഷികവുമാണ് ഇന്ത്യ ആഘോഷിക്കുക.
പ്രസിഡന്റ് ദ്രൗപതി മുര്‍മ്മു സ്വാതന്ത്ര്യ ദിന ആശംസകള്‍ നേര്‍ന്നു. സ്വാതന്ത്ര്യ ദിന സന്ദേശത്തില്‍ രാഷ്ട്രപതി തന്റെ ബാല്യകാല സ്മരണകള്‍ പങ്കുവെച്ചു. സ്വാതന്ത്ര്യ ദിനം വരുമ്പോള്‍ തന്റെ കുട്ടിക്കാലം ഓര്‍മ്മവരും. ത്രിവര്‍ണ പതാക ഉയരുമ്പോള്‍ തനിക്ക് വലിയ ഊര്‍ജ്ജമാണ് ലഭിച്ചത്. എല്ലാ ഇന്ത്യന്‍ പൗരന്മാര്‍ക്കും സ്വാതന്ത്ര ദിനം ഒരു മികച്ച വേദിയാണ്. സ്വാതന്ത്ര്യ ദിനത്തിലെ ഉത്സവത്തില്‍ താന്‍ അമിതമായി ആഹ്ലാദിക്കുന്നു. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഗ്രാമവാസികള്‍ക്കും പട്ടണത്തില്‍ താമസിക്കുന്നവര്‍ക്കും ഇന്ത്യയുടെ സര്‍വ്വ മേഖലകളിലും സ്വാതന്ത്ര്യ ദിനം സന്തോഷത്തിന്റേതാണ്. രാജ്യത്തെ ജനങ്ങള്‍ ആസാദി കാ അമൃത് മഹോത്സവ് ആവേശത്തോടെ ആഘോഷിക്കുന്നതായും രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു.

































