നോർത്ത് ഈസ്റ്റ് ഡൽഹിയിലെ കോൺഗ്രസ് സ്ഥാനാർത്ഥി കനയ്യ കുമാറിന് നേരെ ആക്രമണം. മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ആക്രമണമുണ്ടായത്. മാലയിടാനെന്ന വ്യാജേന അടുത്തെത്തിയ ഏതാനും പേർ ഇയാളെ മർദിക്കുകയായിരുന്നു.
ആം ആദ്മി പാർട്ടി (എഎപി) വനിതാ കൗൺസിലർ ഛായ ഗൗരവ് ശർമയോടും അക്രമികൾ മോശമായി പെരുമാറി. കർതാർ നഗറിലെ എഎപി ഓഫീസിന് സമീപം നടന്ന സംഭവത്തിൽ അവർ പോലീസിൽ പരാതി നൽകി.
തൻ്റെ ഷാൾ തട്ടിയെടുത്തുവെന്നും ഭർത്താവിനെ മാറ്റിനിർത്തി ഭീഷണിപ്പെടുത്തിയെന്നും ശർമ പരാതിയിൽ പറയുന്നു. ആൾക്കൂട്ടത്തിന് നേരെ കറുത്ത മഷി എറിയുകയും 3-4 സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്ക് പരിക്കേൽക്കുകയും ചെയ്തതായും പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. കൗൺസിലർ ഛായ ശർമ്മയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം കനയ്യ കുമാർ കർത്താർ നഗറിലെ എഎപി ഓഫീസിൽ നിന്ന് പുറത്തിറങ്ങിയപ്പോഴാണ് ആക്രമണമുണ്ടായതെന്ന് പോലീസ് പറയുന്നു.
യോഗത്തിന് ശേഷം കനയ്യ കുമാറിനെ യാത്രയാക്കാൻ ഛായ ശർമ്മ ഇറങ്ങിയപ്പോൾ ചിലർ വന്ന് കനയ്യ കുമാറിന് ചുറ്റും മാല ചാർത്തി. ഹാരമണിയിച്ച ശേഷം കനയ്യ കുമാറിന് നേരെ ചിലർ മഷി എറിയുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. ഛായ ശർമ്മ ഇടപെടാൻ ശ്രമിച്ചപ്പോൾ അവർ മോശമായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു,” നോർത്ത് ഈസ്റ്റ് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ പറഞ്ഞു
ശർമ നൽകിയ പരാതിയിൽ നിയമനടപടികൾ സ്വീകരിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നോർത്ത് ഈസ്റ്റ് ഡൽഹിയിൽ ബിജെപിയുടെ മനോജ് തിവാരിക്കെതിരെയാണ് ഇന്ത്യൻ ബ്ലോക്ക് സ്ഥാനാർത്ഥി കനയ്യ കുമാർ മത്സരിക്കുന്നത്.

































