ന്യൂഡൽഹി : വിദ്വേഷ പ്രസംഗത്തിൻ്റെ പേരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് ആറ് വർഷത്തേക്ക് വിലക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി തള്ളി.
സമാനമായ കേസിൽ 2019ൽ വാദം കേട്ട് തീരുമാനം എടുത്തിട്ടുണ്ടെന്നും ഈ സാഹചര്യത്തിൽ വാദം കേൾക്കേണ്ടതില്ലെന്നും കോടതി തീരുമാനമെടുക്കു കയായിരുന്നു. ജസ്റ്റീസ് വിക്രംനാഥ്. ജസ്റ്റീസ് എസ്.സി. ശർമ്മ എന്നിവർ അടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്.

ഏപ്രിൽ 21ന് രാജസ്ഥാനിലെ ബൻസ്വാരയിൽ വിവിധ വിഭാഗങ്ങൾക്കടിയിൽ ശത്രുത സൃഷ്ടിക്കാൻ ലക്ഷ്യമിട്ട് പ്രസ്‌താവനകൾ നരേന്ദ്രമോദി നടത്തിയെന്ന് ആരോപിച്ച് ഫാത്തിമ എന്ന വ്യക്തിയാണ് ഹർജി നൽകിയത്.
മാതൃകാ പെരുമാറ്റച്ചട്ടം, ജനപ്രാതിനിധ്യ നിയമം, ഇന്ത്യൻ ശിക്ഷാ നിയമം എന്നിവയുടെ ഗുരുതരമായ ലംഘനമാണിതെന്നായിരുന്നു ഹർജിയിലെ ആരോപണം.
ആദ്യം തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാതെ നേരിട്ട് സുപ്രീംകോടതിയെ സമീപിച്ചതാണ് ഹർജി തള്ളാൻ കാരണമായി കോടതി പറഞ്ഞത്. ബന്ധപ്പെട്ട അധികൃതരെ സമീപിക്കാൻ ഹർജിക്കാരോട് കോടതി നിർദേശിച്ചു.

































