എറണാകുളം അമ്പലമുകളിലെ വ്യവസായ സ്ഥാപനങ്ങൾക്കിടയിൽ മലിനീകരണം അനുഭവിച്ച് കഴിയുന്നവരുടെ കാര്യത്തിൽ പരിഹാര നടപടി നിർദേശിക്കാതെ സർക്കാർ ക്ഷമ പരീക്ഷിക്കുകയാണോയെന്ന് ഹൈകോടതി.
ബി.പി.സി.എൽ, ഹിന്ദുസ്ഥാൻ ഓർഗാനിക് കെമിക്കൽസ് തുടങ്ങിയ കമ്പനികൾക്കിടയിൽ താമസിക്കുന്നവർക്ക് മലിനീകരണം മൂലം ജീവിക്കാനാകുന്നില്ലെന്നും തങ്ങൾ താമസിക്കുന്ന സ്ഥലംകൂടി ഏറ്റെടുക്കാൻ നിർദേശിക്കണമെന്നും ആവശ്യപ്പെട്ട് വി.എൻ. സജീവ് കുമാർ അടക്കമുള്ളവർ നൽകിയ കോടതിയലക്ഷ്യഹരജി പരിഗണിക്കവെയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ വിമർശനം.
ഹരജിക്കാരെയും മറ്റും കേട്ട് തീരുമാനമെടുക്കാൻ മുമ്പ് നൽകിയ നിർദേശം പാലിച്ചില്ലെന്നാരോപിച്ച് ചീഫ് സെക്രട്ടറി അടക്കമുള്ളവർക്കെതിരെയാണ് കോടതിയലക്ഷ്യ ഹരജി. ദുരിതത്തിലായ 46 കുടുംബങ്ങളുടെ പ്രശ്നത്തിൽ വ്യക്തമായ തീരുമാനം അറിയിക്കാൻ ബുധനാഴ്ച ഹരജി പരിഗണിച്ചപ്പോഴും സർക്കാറിനു കഴിഞ്ഞില്ല. തുടർന്നാണ് വിമർശനമുയർന്നത്. ഇതു വ്യവസായ മേഖലയാണോയെന്നും ഏതെങ്കിലും തരത്തിലുള്ള നിയന്ത്രണം നിലവിലുണ്ടോയെന്ന് വ്യക്തമാക്കാനും കോടതി നിർദേശിച്ചു.
ഈ ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരം നൽകാൻ ഓൺലൈൻ മുഖേന ഹാജരായ ചീഫ് സെക്രട്ടറി വി. വേണുവിന് കഴിഞ്ഞില്ല. വ്യവസായ മേഖലയായി വിജ്ഞാപനം ചെയ്തിട്ടില്ലെന്നും വ്യക്തത വരുത്താമെന്നും അദ്ദേഹം മറുപടി നൽകി.
നല്ല രീതിയിൽ പ്രവർത്തിക്കുന്ന വ്യവസായ സ്ഥാപനങ്ങളാണ് ഇവിടെയുള്ളത്. പ്രദേശവാസികളെ മാറ്റിപ്പാർപ്പിക്കാൻ തക്ക പ്രശ്നങ്ങളുള്ളതായി തെളിവുകളോ വസ്തുതകളോ ഇല്ല. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ പരിശോധനയിൽ വായുവിലോ ജലത്തിലോ മലിനീകരണം കണ്ടെത്തിയിട്ടില്ല. മഴ മാറിയശേഷം കൂടുതൽ പരിശോധന നടത്തേണ്ടതുണ്ട്. ഇതിന് മൂന്നു മാസം വേണം. ആഗസ്റ്റിലും ഒക്ടോബറിലും നടത്തിയ മെഡിക്കൽ ക്യാമ്പുകളിൽ പ്രദേശത്തെ ചിലരിൽ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ കണ്ടെത്തിയിരുന്നു. ഇക്കാര്യത്തിലും വിശദ പരിശോധന വേണമെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കി.
എന്നാൽ, ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ എട്ടുമാസം നൽകിയിട്ടും സർക്കാർ നടപടി സ്വീകരിക്കാത്തതിനെ കോടതി വിമർശിച്ചു. എല്ലാം നന്നായി നടക്കുന്നെന്നാണ് സർക്കാർ പറയുന്നത്. എങ്കിൽ സർക്കാർ ഉദ്യോഗസ്ഥർ ഇവിടെ വന്ന് താമസിക്കട്ടെ. ഒരു മെഴുകുതിരി കത്തിക്കാൻപോലും നിയന്ത്രണമുള്ള മേഖലയാണ്. ഇവിടെ താമസിക്കുന്നത് പ്രദേശവാസികളുടെ ആരോഗ്യത്തെ ബാധിക്കില്ലേയെന്ന് ഡോക്ടർ കൂടിയായ ചീഫ് സെക്രട്ടറി പറയണം.
ജൂലൈ ഒന്നിന് ഇവിടെ ഒരു ഫാക്ടറിയിൽനിന്ന് പുകയുയർന്നത് ഭയപ്പെടുത്തിയതായി ഹരജിക്കാർ പറയുന്നു. ഇക്കാര്യത്തിലടക്കം വിശദീകരണം വേണം. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡും റിപ്പോർട്ട് നൽകണമെന്നും കോടതി നിർദേശിച്ചു

































