ഓയൂരിൽ നിന്ന് തട്ടിക്കൊണ്ടു പോയ ആറു വയസുകാരിയെ വിട്ടു നൽകാൻ 5 ലക്ഷം രൂപ മോചനദ്രവ്യമായി നൽകണമെന്നാവശ്യപ്പെട്ട് ഫോൺ കോൾ. കുട്ടിയുടെ അമ്മയുടെ നമ്പറിലേക്ക് വിളിച്ചാണ് പണം ആവശ്യപ്പെട്ടത്. കുട്ടി സുരക്ഷിതയാണെന്ന് അറിയിച്ചതായും കുട്ടിയുടെ ബന്ധുക്കൾ വെളിപ്പെടുത്തി. തട്ടിക്കൊണ്ടു പോയി മണിക്കൂറുകൾ കഴിഞ്ഞിട്ടും കുട്ടി എവിടെയാണെന്ന് കണ്ടെത്താൻ ആയിട്ടില്ല. കുട്ടിയുടെ അമ്മയ്ക്കു വന്ന ഫോൺ കോളിന്‍റെ ആധികാരികത പൊലീസ് പരിശോധിച്ചു കൊണ്ടിരിക്കുകയാണ്.
മൊബൈൽ ടവറുകൾ കേന്ദ്രീകരിച്ചും മറ്റും സംസ്ഥാന വ്യാപകമായി അന്വേഷണം നടക്കുന്നുണ്ട്. ഇന്നു വൈകിട്ടാണ് കാറിലെത്തിയ സംഘം കുട്ടിയെ തട്ടിക്കൊണ്ടു പോയത്
ഓയൂർ മരുതൺപള്ളിക്കു സമീപം 6 വയസുകാരിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടു പോയി. ഓയൂർ സ്വദേശി റെജിയുടെ മകൾ അഭികേൽ സാറയെയാണ് കാണാതായത്. സഹോദരനൊപ്പം ട്യൂഷൻ ക്ലാസിലേക്കു പോകുമ്പോഴാണു കാറിലെത്തിയ സംഘം കുട്ടിയെ തട്ടിക്കൊണ്ടുപോയത്. കാറിൽ 3 പുരുഷന്മാരും ഒരു സ്ത്രീയുമാണ് ഉണ്ടായിരുന്നതെന്ന് ഒപ്പമുണ്ടായിരുന്ന സഹോദരൻ പറഞ്ഞു.
































