തിരുവനന്തപുരം: ധാതുമേഖലയിൽ സ്വകാര്യ പങ്കാളിത്തത്തിന് കരാറുണ്ടാക്കിയത് മുൻ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്താണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഹൈദരാബാദ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കമ്പനിയുമായാണ് കെ.എം.എം.എൽ (KMML) കരാറുണ്ടാക്കിയതെന്നും, ബന്ധപ്പെട്ട യോഗത്തിന്റെ മിനിറ്റ്സ് വായിച്ചുകൊണ്ട് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി. ധനാഭ്യർഥന ചർച്ചയ്ക്കുള്ള മറുപടി പ്രസംഗത്തിലായിരുന്നു അദ്ദേഹത്തിന്റെ ഈ പരാമർശം.
താൻ അവതരിപ്പിച്ച ബജറ്റിൽ ‘സ്വകാര്യവത്കരണം’ എന്ന ഒരൊറ്റ വാക്കുപോലും ഇല്ലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സംസ്ഥാനത്തിന്റെ താൽപര്യങ്ങൾക്ക് വിരുദ്ധമായി സർക്കാർ ഒന്നും ചെയ്യില്ലെന്നും അദ്ദേഹം ഉറപ്പുനൽകി
“മനുഷ്യനായ ആർക്കും തെറ്റ് പറ്റാം. പക്ഷേ അത് ചൂണ്ടിക്കാട്ടിയാൽ മാപ്പ് പറഞ്ഞ് തിരുത്തും. അങ്ങനെ തിരുത്തിക്കേണ്ട ചുമതല പ്രതിപക്ഷത്തിനുണ്ട്.”
— മുഖ്യമന്ത്രി വി.ഡി. സതീശൻ
മുൻപ് ധാതുമേഖലയിൽ സ്വകാര്യ പങ്കാളിത്തത്തിന് കരാറുണ്ടാക്കിയവർ തന്നെയാണ്, ഇപ്പോൾ കരിമണൽ മേഖലയിൽ സ്വകാര്യ പങ്കാളിത്തത്തിന് നീക്കം നടക്കുന്നു എന്ന രീതിയിൽ തെറ്റായ പ്രചാരണം നടത്തുന്നതെന്നും മുഖ്യമന്ത്രി നിയമസഭയിൽ കുറ്റപ്പെടുത്തി.
































