തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും കുടുംബവും ഒരാഴ്ച്‌ച നീളുന്ന വിദേശ പര്യടനത്തിൽ ഓസ്ട്രേലിയയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കാനാണ് യാത്ര തിരിച്ചത്.
സിഡ്‌നി, മെൽബൺ, ബ്രിസ്‌ബെയ്ൻ, പെർത്ത് എന്നീ നഗരങ്ങളിൽ ഇടത് അനുല സംഘടനയായ നവോദയ സംഘടിപ്പിക്കുന്ന വിവിധ പരിപാടികളിൽ അദ്ദേഹം പങ്കെടുക്കും. ഓസ്ട്രേലിയൻ സന്ദർശനം പൂർത്തിയാക്കി സെപ്റ്റംബർ 24-ന് അദ്ദേഹം തിരിച്ചെത്തുമെന്നാണ് വിവരം. പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മരണത്തെ തുടർന്നാണ് എം.വി. ഗോവിന്ദൻ യാത്ര വൈകിപ്പിച്ചത്.
പാർട്ടി ജനറൽ സെക്രട്ടറിയുടെ ഒഴിവ് നികത്തുന്നത് അടക്കമുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കുക സെപ്റ്റംബർ 27 മുതൽ 30 വരെ നടക്കുന്ന പൊളിറ്റ്‌ബ്യൂറോ, കേന്ദ്രകമ്മിറ്റി യോഗങ്ങളാണ്. അടുത്ത പാർട്ടി കോൺഗ്രസിന് ഏഴുമാസം മാത്രമേ ബാക്കിയുള്ളു. 2025 ഏപ്രിൽ രണ്ടുമുതൽ ആറ് വരെ തമിഴ്‌നാട്ടിലെ മധുരയിൽ വച്ചാണ് സി. പി.എമ്മിന്റെ 24-ാം പാർട്ടി കോൺഗ്രസ്.































