ചെന്നൈ: രാജ്യത്തെ വിവിധ വിമാനത്താവളങ്ങൾ, സ്കൂളുകൾ, കോളേജുകൾ, സർവകലാശാലകൾ എന്നിവ കേന്ദ്രീകരിച്ച് കഴിഞ്ഞ മൂന്ന് വർഷമായി വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾ അയച്ചിരുന്ന പ്രമുഖ സോഫ്റ്റ്‌വെയർ എൻജിനീയറെ സുരക്ഷാ ഏജൻസികൾ പിടികൂടി. തമിഴ്‌നാട് തിരുനെൽവേലിയിലെ അംബാസമുദ്രം സ്വദേശിയായ ശരത് സുബ്രഹ്മണ്യനാണ് ചെന്നൈ വിമാനത്താവളത്തിൽ വെച്ച് അറസ്റ്റിലായത്.
2023 മുതൽ 2025 വരെയുള്ള കാലയളവിൽ രാജ്യത്തുടനീളം വലിയ ഭീതിയും ആശങ്കയും സൃഷ്ടിച്ച 1500-ഓളം വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾക്ക് പിന്നിൽ ഇയാളാണെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു.
അമേരിക്കയിലിരുന്ന് സൂത്രധാരണം
യുഎസ്എയിലെ ടെക്സസിലെ ഓസ്റ്റിനിൽ താമസിച്ചിരുന്ന ശരത്, അവിടെയുള്ള പ്രമുഖ ഐടി കമ്പനിയിൽ സോഫ്റ്റ്‌വെയർ എൻജിനീയറായി ജോലി ചെയ്തു വരികയായിരുന്നു. അമേരിക്കയിലിരുന്നാണ് ഇയാൾ ഇന്ത്യയിലെ വിവിധ കേന്ദ്രങ്ങളിലേക്ക് ഭീഷണി സന്ദേശങ്ങൾ അയച്ചിരുന്നത്. അതീവ രഹസ്യമായി ഇന്റർനെറ്റ് മാർഗ്ഗങ്ങളിലൂടെ അയച്ചിരുന്ന സന്ദേശങ്ങൾ രാജ്യത്തെ സുരക്ഷാ ഏജൻസികളെയും എയർപോർട്ട് അധികൃതരെയും വൻ പ്രതിസന്ധിയിലാക്കിയിരുന്നു. വ്യാജ സന്ദേശങ്ങളെ തുടർന്ന് പലപ്പോഴും വിമാന സർവീസുകൾ വൈകുകയും സ്കൂളുകളും കോളേജുകളും അടച്ചിടേണ്ടി വരികയും ചെയ്തിട്ടുണ്ട്.
വലയിലായത് ചെന്നൈ എയർപോർട്ടിൽ
വർഷങ്ങളായി ഇയാളെ കണ്ടെത്താനായി സുരക്ഷാ ഏജൻസികൾ തിരച്ചിൽ നടത്തിവരികയായിരുന്നു. എത്തിഹാദ് എയർവേയ്‌സ് വിമാനത്തിൽ ചെന്നൈ വിമാനത്താവളത്തിൽ എത്തിയ ശരതിനെ ലുക്ക് ഔട്ട് നോട്ടീസിന്റെ അടിസ്ഥാനത്തിൽ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ തടഞ്ഞുവെക്കുകയായിരുന്നു. തുടർന്ന് വിവരം കേന്ദ്ര-സംസ്ഥാന അന്വേഷണ ഏജൻസികളെ അറിയിക്കുകയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
ഇയാളുടെ സന്ദേശങ്ങൾക്ക് പിന്നിലെ യഥാർത്ഥ ലക്ഷ്യമെന്താണെന്നും ഇതിനായി മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നും ഉദ്യോഗസ്ഥർ വിശദമായി ചോദ്യം ചെയ്തു വരികയാണ്.
































