ലോകസഭ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടെടുപ്പ് കേരളത്തിൽ പൂർത്തിയായി സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലായി 70.22 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രാത്രി എട്ട് വരെയുള്ള ഔദ്യോഗിക കണക്കുകളാണിത്.
രാവിലെ മുതൽ പല ബുത്തുകളിലും വോട്ടർമാരുടെ നീണ്ടനിര പ്രത്യക്ഷപ്പെട്ടിരുന്നു. അതിനിടെ പലയിടങ്ങളിലും വോട്ടെടുപ്പിൽ കാലതാമസം ഉണ്ടായി. ഇതോടെ മണിക്കൂറുകൾ കാത്തുനിന്നാണ് പലർക്കും വോട്ടു ചെയ്യാനായത്.
കനത്ത ചൂടും വോട്ടിംഗ് യന്ത്രങ്ങളിലുണ്ടായ തകരാറുകളും പലയിടങ്ങളിലും വോട്ടെടുപ്പ് മന്ദഗതിയിലായതും പോളിംഗ് ശതമാനം കുറയാൻ ഇടയായെന്നാണ് വിലയിരുത്തൽ, ഒന്നര മാസത്തിലേറെ നീണ്ടുനിന്ന വാശിയേറി തെരഞ്ഞെടുപ്പ് പ്രചരണങ്ങൾക്കുശേഷവും പോളിംഗ് ശതമാനം കുറഞ്ഞത് മുന്നണികളെ ആശങ്കയിലാക്കിയിരിക്കുകയാണ്
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ 77.84 ശതമാനം പോളിംഗാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. ഇതാണ് 70 ശതമാനത്തിലേക്ക് ഇടിഞ്ഞത്. രാത്രി ഏറെ വൈകിയും സംസ്ഥാനത്തെ ചില ബൂത്തുകളിൽ വോട്ടെടുപ്പ് തുടരുന്നുണ്ട്. ഈ കണക്കുകൾ കൂടി വന്നാൽ അന്തിമ പോളിംഗ് ശതമാനത്തിൽ നേരിയ വ്യത്യാസം ഉണ്ടാകും
കണ്ണൂരിലാണ് കൂടുതൽ പേർ വോട്ട് രേഖപ്പെടുത്തിയിരിക്കുന്നത്. 75.57 ശതമാനം പോളിംഗാണ് ഇവിടെ രേഖപ്പെടുത്തിയത്. കുറവ് പോളിംഗ് പത്തനംതിട്ടയിലാണ്. 63.34 ശതമാനം പോളിംഗാണ് ഇവിടെ രേഖപ്പെടുത്തിയത്.
അതേസമയം തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങൾ വൈകിയത് ഉദ്യോഗസ്ഥതല അനാസ്ഥയെ തുടർന്നാണെന്നും ഇക്കാര്യത്തിൽ അന്വേഷണം വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

































