ശബരിമലയില്‍ ഇത്തവണത്തെ മണ്ഡലകാല വരുമാനം റെക്കോര്‍ഡില്‍. കുത്തക ലേലത്തിന്‍റെ തുക കൂടി ചേർത്തപ്പോൾ വരുമാനത്തിൽ വർധനയുണ്ടായതായി ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി എസ് പ്രശാന്ത്. കാണിക്ക എണ്ണാന്‍ ബാക്കിനില്‍ക്കേയാണ് ഇത്തവണത്തെ വരുമാനം 241.71 കോടി രൂപയായി ഉയര്‍ന്നത്. 18.72 കോടിയുടെ വർധനയുണ്ടായെന്ന് ദേവസ്വം ബോർഡ് പി എസ് പ്രശാന്ത് വ്യക്തമാക്കി.
അരവണ വിൽപനയിൽ 96.32 കോടി രൂപയും അപ്പം വിൽപനയിൽ 12.38 കോടി രൂപയും ലഭിച്ചു. മണ്ഡലകാലം തുടങ്ങി ഡിസംബർ 25 വരെ ശബരിമലയിൽ 31,43,163 പേരാണു ദർശനം നടത്തിയത്. ദേവസ്വം ബോർഡിന്‍റെ അന്നദാനമണ്ഡപത്തിലൂടെ ഡിസംബർ 25 വരെ 7,25,049 പേർക്കു സൗജന്യമായി ഭക്ഷണം നൽകി. പരിമിതികൾക്കിടയിലും വിവിധ വകുപ്പുകളുടെ മികച്ച സഹകരണത്തോടെ ശബരിമല തീർഥാടകർക്കു മെച്ചപ്പെട്ട സൗകര്യങ്ങളൊരുക്കാൻ ദേവസ്വം ബോർഡിനായി എന്നും പ്രസിഡന്‍റ് പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ഇന്ന് സന്നിധാനത്ത് തിരക്ക് കുറവായിരുന്നു. അതേസമയം, പമ്പയിൽ ശബരിമല തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണമേർപ്പെടുത്തി. വൈകിട്ട് 7 ന് ശേഷം സന്നിധാനത്തേക്ക് തീര്‍ത്ഥാടകരെ കയറ്റിവിടില്ല. രാത്രി 11ന് അടയ്ക്കുന്ന നട മകരവിളക്ക് മഹോല്‍സവത്തിനായി 30ന് തുറക്കും. ജനുവരി 15നാണ് മകരവിളക്ക്.

































