കരുവന്നൂർ കള്ളപ്പണ കേസിൽ പാർട്ടി നേതാക്കളെ പൂട്ടാൻ കരുനീക്കവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ബാങ്കിന്റെ രണ്ട് മുൻ ഭരണസമിതി അംഗങ്ങളെ മാപ്പുസാക്ഷിയാക്കുന്നത് അടക്കം തന്ത്രങ്ങളാണ് ഇ.ഡി കൈക്കൊള്ളുന്നത്. സാക്ഷികൾ സ്വാധീനിക്കപ്പെടുമെന്നതിനാൽ അതിരഹസ്യമായാണ് നീക്കം. ഇതിനായി കോടതിയെ സമീപിച്ചു. കരുവന്നൂർ ബാങ്ക് അനുവദിച്ച ബിനാമി വായ്പകളെല്ലാം ഉന്നത നേതാക്കളുടെ അറിവോടെയായിരുന്നെന്നാണ് ഇ.ഡിക്ക് ലഭിച്ച വിവരം. ബാങ്ക് സെക്രട്ടറി സുനിൽ, മുൻ മാനേജർ ബിജു കരീം എന്നിവർ ഇതുസംബന്ധിച്ച് നേരത്തേ മൊഴി നൽകിയിരുന്നു.
സി.പി.എമ്മിന്റെ സമാന്തര കമ്മിറ്റിയാണ് ലോൺ അനുവദിക്കാനുള്ള തീരുമാനങ്ങളെടുത്തതെന്നും ഈ തീരുമാനത്തിൽ ഭരണസമിതിക്ക് റോളൊന്നും ഉണ്ടായിരുന്നില്ലെന്നുമാണ് മൊഴി. കള്ളപ്പണ ഇടപാട് ഘട്ടത്തിൽ 13 അംഗ ഭരണസമിതിയാണ് ഉണ്ടായിരുന്നത്. മുൻ മാനേജർ ബിജു കരീമിന്റെ ആവശ്യപ്രകാരം ലോൺ രേഖകളിൽ ഒപ്പിട്ട് നൽകിയിരുന്നതായും അപേക്ഷയിൽ പലതിലും വിവരങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും ഭരണസമിതി അംഗങ്ങളിൽ ചിലർ മൊഴി നൽകിയിട്ടുണ്ട്. ഇവരിൽ രണ്ടു പേരെയാണ് മാപ്പുസാക്ഷിയാക്കാൻ ഇ.ഡി കോടതിയെ സമീപിച്ചിട്ടുള്ളത്.
കുറ്റപത്രം സ്വീകരിക്കൽ നടപടി പൂർത്തിയായാൽ ഇവരുടെ മൊഴി രേഖപ്പെടുത്തും. കേസിൽ അന്വേഷണം നേരിടുന്ന സി.പി.എം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എ.സി. മൊയ്തീൻ, കെ. കണ്ണൻ എന്നിവർക്ക് ഈ മൊഴികൾ നിർണായകമാണ്.
സി.പി.എം ജില്ല സെക്രട്ടറി എം.കെ. വർഗീസിന് ഈ മാസം 24ന് ഹാജരാകാൻ നോട്ടീസ് നൽകിയിട്ടുണ്ട്
































