പ്രധാനമന്ത്രി നരേന്ദ്ര മോദി ജനുവരി മൂന്നിന് കേരളത്തിലെത്തും തൃശ്ശൂര്തേക്കിന്കാട് മൈതാനത്ത് ‘സ്ത്രീശക്തി മോദിക്കൊപ്പം” എന്ന മഹിളാ സമ്മേളനത്തെ അദ്ദേഹം അഭിസംബോധന ചെയ്യും. വൈകിട്ട് മൂന്ന് മണിക്ക് നടക്കുന്ന പരിപാടിയില്‍ രണ്ട് ലക്ഷം വനിതകള്‍ പങ്കെടുക്കുമെന്നാണ് വിവരം. അങ്കണവാടി ടീച്ചര്മാര്, ആശാ വര്‍ക്കര്‍മാര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ അടക്കം സമൂഹത്തിന്റെ വിവിധ മേഖലകളിലെ വനിതകള്‍ പരിപാടിയില്‍ പങ്കാളികളാകും. പാര്‍ലമെന്റില്‍ വനിതാ സംവരണ ബില്‍ പാസാക്കിയതില്‍ പ്രധാനമന്ത്രിയെ ബിജെപി കേരളഘടകം അഭിനന്ദിക്കും. നേരത്തെ ജനുവരി രണ്ടിന് പരിപാടി നടത്താനാണ് തീരുമാനിച്ചിരുന്നത്. ഇതാണ് പ്രധാനമന്ത്രിയുടെ സൗകര്യാര്‍ഥം മൂന്നിലേക്ക് മാറ്റിയത്. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്.
കുടുംബശ്രീ പ്രവര്‍ത്തകര്‍, വനിതാ സംരംഭകര്‍, സാമൂഹിക പ്രവര്‍ത്തകര്‍, സാംസ്കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍, തദ്ദേശഭരണ സ്ഥാപനങ്ങളിലെ അംഗങ്ങള്‍ തുടങ്ങിയ വിഭാഗങ്ങളിലെ വനിതകളും പരിപാടിയില്‍ പങ്കെടുക്കുമെന്ന് കെ സുരേന്ദ്രന് അറിയിച്ചു. നേരത്തെ കൊച്ചിയില്‍ സംഘടിപ്പിച്ച യുവം പരിപാടി പോലെയാകും തൃശ്ശൂരിലെ പരിപാടി.
അതേസമയം ബിജെപി നേതാക്കളും പ്രവര്‍ത്തകരും വ്യാഴാഴ്ച മുതല്‍ ക്രിസ്മസ് സന്ദേശവുമായി ക്രൈസ്തവ വിശ്വാസികളുടെ വീടുകളിലെത്തും. കേക്കും പ്രധാനമന്ത്രിയുടെ ക്രിസ്മസ് സന്ദേശവുമായാണ് അരമനകളിലേക്കും വിശ്വാസികളുടെ വീടുകളിലേക്കും എത്തുക. സ്നേഹയാത്ര എന്ന പേരില്‍ പത്ത് ദിവസം നീളുന്ന പരിപാടിയാണ് പാര്‍ട്ടി നിശ്ചയിച്ചിരിക്കുന്നത്.

































