മുഖ്യമന്ത്രിയുടെ ഓഫീസിനും പൊലീസിനുമെതിരായ ആരോപണങ്ങളിൽ പ്രിതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സെക്രട്ടറിയേറ്റിൽ നടത്തിയ മാർച്ചിൽ നരനായാട്ട് നടത്തിയ പൊലീസുകാർക്കെതിരെ താക്കീതുമായി രമേശ് ചെന്നിത്തല.
പൊലീസുകാർ കരുതിയിരുന്നോളു ഓരോ അടിക്കും കണക്കുപറയിക്കും അബിൻ വർക്കിയെ തല്ലിചതക്കുന്ന ദ‍്യശ‍്യങ്ങൾ കണ്ട് ഞെട്ടിപ്പോയി. പൊലീസുകാർ ഇത്രത്തോളം അധപതിച്ചു എന്നതോർത്ത് മുൻ ആഭ‍്യന്തരമന്ത്രി എന്ന നിലയിൽ ലജ്ജ തോന്നുന്നുവെന്നും ചെന്നിത്തല വ‍്യക്തമാക്കി.
ക്രൂരമായ മർദ്ദനം നടത്തുന്ന ഈ പൊലീസുകാർ സ്വബോധത്തോടെ ആണോ അതോ ഏതെങ്കിലും മയക്കുമരുന്ന് അടിമകളാണോ എന്നതുകൂടി അന്വേഷിക്കണം. ഇവരെ അടിയന്തരമായി രക്ത പരിശോധനയ്ക്ക് വിധേയരാക്കണം. ഈ നരനായാട്ടിന് നേതൃത്വം നൽകുകയും ഇത്ര ഭീകരമായ മർദ്ദനം അഴിച്ചുവിടുകയും ചെയ്ത മുഴുവൻ പൊലീസ് ഉദ്യോഗസ്ഥരെയും ഉടനടി സസ്പെൻഡ് ചെയ്യണം.”രമേശ് ചെന്നിത്തല ആവശ‍്യപെട്ടു.
പോലീസിനെ വെല്ലുവിളിച്ച് കെ.പി.സി.സി. അധ്യക്ഷൻ കെ സുധാകരൻ
യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിനിടെ ഉണ്ടായ സംഘർഷത്തിൽ പോലീസിനെ വെല്ലുവിളിച്ച് കെ.പി.സി.സി. അധ്യക്ഷൻ കെ സുധാകരൻ. പി.വി. അൻവർ എം.എൽ.എയുടെ വെളിപ്പെടുത്തലിന് പിന്നാലെ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സെക്രട്ടേറിയറ്റിന് മുമ്പിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പ്രതിഷേധക്കാർക്കെതിരേ പോലീസ് നടത്തിയ ലാത്തിച്ചാർജ്ജിൽ യൂത്ത് കോൺഗ്രസ് ഉപാധ്യക്ഷൻ അബിൻ വർക്കിക്ക് അടക്കം പരിക്കേറ്റിരുന്നു. ഇതിന് പിന്നാലെ സ്ഥലത്തെത്തിയ കെപിസിസി അധ്യക്ഷൻ പോലീസിനുനേരെ തിരിയുകയായിരുന്നു.

പട്ടാളം വന്ന് വെടിവെച്ചാലും ഈ സമരം ഇവിടെ നിൽക്കില്ല. കയ്യാങ്കളി കളിച്ച്, ആയുധം കാട്ടി ഭീഷണിപ്പെടുത്തി തല്ലി ചോരവരുത്തി ഒതുക്കാൻ നോക്കണ്ട. അതിന് മുമ്പിൽ നിൽക്കുന്ന ഓരോ പോലീസുകാരേയും വ്യക്തിപരമായി ഞങ്ങൾ നാട്ടിൽ വെച്ചു കണ്ടുമുട്ടും. ഞങ്ങൾ എതിർക്കും. ഒരു സംശയവും വേണ്ട. നാളെ മുതൽ നോക്കിക്കോ’- സുധാകരൻ പറഞ്ഞു.
പി.വി. അൻവർ എം.എൽ.എയുടെ വെളിപ്പെടുത്തലിന് പിന്നാലെ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം വേണമെന്നും മുഖ്യമന്ത്രി രാജിവെക്കണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ച് സംഘർഷത്തിൽ അവസാനിച്ചിരുന്നു. ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിച്ചതോടെ പ്രവർത്തകർക്ക് നേരെ പോലീസ് ലാത്തി വീശുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് രാഹുൽ മാങ്കൂട്ടത്തിൽ, വൈസ് പ്രസിഡന്റ് അബിൻ വർക്കി എന്നിവരുടെ നേതൃത്വത്തിലായിരുന്നു മാർച്ച് നടത്തിയത്.

































