സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും പ്രാക്ടീസ് നടത്തുന്നുണ്ടെന്ന ആരോപണം ജില്ലാ മെഡിക്കൽ ഓഫീസിൽ പ്രവർത്തിക്കുന്ന വിജിലൻസ് വിഭാഗം ജാഗ്രതയോടെ പരിശോധിച്ചു ഫലപ്രദമായി ഇടപെടണമെന്നു മനുഷ്യാവകാശ കമ്മീഷൻ.
പാലക്കാട് ജില്ലാ മെഡിക്കൽ ഓഫീസർക്കാണ് കമ്മീഷൻ ആക്ടിംഗ് ചെയർപേഴ്സണും ജുഡീഷൽ അംഗവുമായ കെ. ബൈജുനാഥ് നിർദേശം നൽകിയത്. ജില്ലയിലെ സർക്കാർ ഡോക്ടർമാർ സ്വകാര്യ ആശുപത്രികളിലും ജോലി ചെയ്യുന്നുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്.
ജില്ലാ ആശുപത്രിക്കെതിരേയുള്ള ആരോപണം അന്വേഷിക്കാൻ ജില്ലാ ആശുപത്രി സൂപ്രണ്ടിനു നിർദേശം നൽകിയതായി ഡിഎംഒ അറിയിച്ചു. സർക്കാർ ഡോക്ടർമാർ സ്വകാര്യ പ്രാക്ടീസ് നടത്തുന്നതുമായി ബന്ധപ്പെട്ടു നില വിലുള്ള സർക്കാർ ഉത്തരവുകൾ പാലിക്കാൻ എല്ലാ ഡോക്ടർമാർക്കും സൂപ്രണ്ട് നിർദേശം നൽകിയിട്ടുണ്ട്.
ജില്ലാ ആശുപത്രിയിലെ തിരക്കുകാരണം ശസ്ത്രക്രിയകൾക്കു കാലതാമസ മുണ്ടാകാറുണ്ടെന്നും കമ്മീഷനു സൂപ്രണ്ട് നൽകിയ റിപ്പോർട്ടിൽ പറയുന്നു. ഭാവിയിൽ ഇത്തരം ആരോപണങ്ങൾ ഉണ്ടാകാതിരിക്കാൻ സൂപ്രണ്ട് ശ്രദ്ധിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

































