ആറന്മുള: ചരിത്രപ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി ജലമേള നാളെ. ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയ്ക്കാണ് ജലമേളയ്ക്ക് പമ്പയാറ്റിൽ തുടക്കമിടുക. ആദ്യം എ ബാച്ചിലെ വള്ളങ്ങളുടെ മത്സരവള്ളംകളിയും, അതിനുശേഷം ബി ബാച്ച് വള്ളങ്ങളുടെ മത്സരവുമാണ് നിശ്ചയിച്ചിരിക്കുന്നത് .
വള്ളംകളിക്കുമുൻപ് ജലഘോഷയാത്രയുണ്ടാകും. രണ്ടുപതിറ്റാണ്ടിനുശേഷം 52 പള്ളിയോടങ്ങളും പങ്കെടുക്കുന്ന ജലഘോഷയാത്രയാവും ഇക്കുറി ഉണ്ടാവുക. പതിവ് തെറ്റാതെ പരപ്പുഴ കടവുമുതൽ സത്രക്കടവുവരെയാണ് മത്സരവള്ളംകളി.
പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ 52 കരകളെ പ്രതിനിധാനംചെയ്ത് 52 പള്ളിയോടം ജലഘോഷയാത്രയിലും 50 പള്ളിയോടം മത്സരവള്ളംകളിയിലും പങ്കെടുക്കും. എ ബാച്ചിൽ 35 പള്ളിയോടവും ബി ബാച്ചിൽ 17 പള്ളിയോടവുമാണുള്ളത്. ആലപ്പുഴ നെഹ്റു ട്രോഫി വള്ളംകളിയുടെ മാതൃകയിൽ ടൈമിങ് അടിസ്ഥാനത്തിലാണ് ഇത്തവണ ഉത്രട്ടാതി വള്ളംകളി നടക്കുന്നത്.
രാവിലെ 9.30-ന് ആറന്മുള ക്ഷേത്രത്തിൽനിന്ന് ഘോഷയാത്ര സത്രക്കടവിൽ എത്തിയശേഷം ജില്ലാ കളക്ടർ എസ്.പ്രേംകൃഷ്ണൻ പതാക ഉയർത്തുന്നതോടെ ചടങ്ങുകൾ ആരംഭിക്കും.

































