കൊച്ചി: പെട്രോൾ അടിച്ച ശേഷം 100 രൂപ നൽകുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ പെട്രോൾ പമ്പ് മാനേജരെ മർദിച്ച സംഭവത്തിൽ രണ്ടുപേർക്കെതിരെ മട്ടാഞ്ചേരി പൊലീസ് കേസെടുത്തു. ചുള്ളിക്കൽ കുമാർ പമ്പിലെ മാനേജരായ വിഷ്ണു വിനോദിന് (26) ആണ് മർദനമേറ്റത്. പ്രതികളിൽ ഒരാളായ മട്ടാഞ്ചേരി സ്വദേശി നിതിനെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
കഴിഞ്ഞ ജൂലൈ 13-ന് വൈകീട്ട് നാലോടെയായിരുന്നു സംഭവം. ബൈക്കിലെത്തിയ പ്രതികൾ 100 രൂപയ്ക്ക് പെട്രോൾ അടിച്ച ശേഷം പണം നൽകാൻ തയാറായില്ല. തുടർന്ന് വിഷ്ണു ഇവരുടെ പക്കൽ നിന്നും ബാങ്ക് കാർഡ് വാങ്ങി പണം ഈടാക്കാൻ ശ്രമിച്ചു. ഇതിൽ പ്രകോപിതരായ പ്രതികൾ വിഷ്ണുവും ആയി വാക്കുതർക്കത്തിലേർപ്പെടുകയും തുടർന്ന് മർദിക്കുകയുമായിരുന്നുവെന്ന് എഫ്.ഐ.ആറിൽ പറയുന്നു.
ശനിയാഴ്ച എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഭാരതീയ ന്യായ സംഹിതയിലെ (BNS) പ്രസക്തമായ വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തിട്ടുള്ളത്. ഒളിവിലുള്ള പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.































