കഞ്ചിക്കോടു നിന്നും അതിഥിത്തൊഴിലാളികളുടെ കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം നാട്ടുകാർ ഇടപെട്ട് പരാജയപ്പെടുത്തി. വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന മൂന്നു വയസ്സുള്ള കുട്ടിയെയാണ് തട്ടിക്കൊണ്ടു പോകാൻ നോക്കിയത്. സംഭവത്തിൽ സേലം സ്വദേശിയായ സെന്തിലിനെ അറസ്റ്റ് ചെയ്തു.
ശനിയാഴ്ച വൈകിട്ടോടെയാണ് സംഭവം. ഉത്തർപ്രദേശ് സ്വദേശികളായ ഖുർഷിത്തിന്‍റെയും സൽമയുടെയും മകനെ സെന്തിൽ ചോക്ലേറ്റ് കാണിച്ച് ഒപ്പം കൊണ്ടു പോകുകയായിരുന്നു. കഞ്ചിക്കോട് റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്നതിനിടെ കുട്ടിയോട് സെന്തിൽ തമിഴിൽ സംസാരിക്കുന്നതു കേട്ട് സംശയം തോന്നിയ നാട്ടുകാരാണ് പൊലീസിനെ വിവരമറിയിച്ചത്. നാട്ടുകാരും പൊലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്.
മെഡിക്കൽ പരിശോധനയ്ക്കു ശേഷം അറസ്റ്റ് രേഖപ്പെടുത്തി. ഇയാളെ ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ്.
































