സ്കൂള്‍ കുട്ടികള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ഊബര്‍ ഡ്രൈവറെ കളമശേരി പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം, കാരുരായി, കല്ലത്തായി, മണ്ടംമ്മൊഴി, നല്ലത്താണി സ്വദേശി കൊല്ലങ്ങറ വീട്ടില്‍ ജാഫര്‍ (33) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ തിങ്കളാഴ്ച്ച കളമശേരിയിലെ ഒരു പ്രമുഖ സ്കൂളിന് സമീപത്തുള്ള പാര്‍ക്കിങ് ഗ്രൌണ്ടില്‍ വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്.
കുട്ടികള്‍ വരുന്ന സമയം നോക്കി കാറില്‍ പാര്‍ക്കിങ് ഗ്രൌണ്ടില്‍ എത്തിയ ഇയാള്‍ അതുവഴി വന്ന സ്കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് നേരെ നോക്കി നഗ്നത പ്രദർശിപ്പിക്കുകയായിരുന്നു. ഭയന്നുപോയ കുട്ടികള്‍ സ്കൂളില്‍ ചെന്ന് മറ്റ് കുട്ടികളുടെയടുത്തും അധ്യാപകരുടെയടുത്തും കാര്യം പറഞ്ഞു. തുടര്‍ന്ന് എല്ലാവരും കൂടി പാര്‍ക്കിങ് ഗ്രൌണ്ടില്‍ ഇയാളുടെ കാറിന് അടുത്ത് എത്തിയപ്പോള്‍ ഇയാള്‍ കാറുമായി വേഗം കടന്നു കളഞ്ഞു. വിദ്യാര്‍ഥികളില്‍ ഒരാള്‍ പകര്‍ത്തിയ വീഡിയോ ദൃശ്യങ്ങളില്‍ നിന്നും കാറിന്‍റെ നമ്പര്‍ ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ ഊബര്‍ ഡ്രൈവര്‍ ആണെന്ന് മനസ്സിലാകുന്നത്.
കുട്ടികള്‍ സ്കൂള്‍ അധികൃതര്‍ക്ക് നല്‍കിയ പരാതിയില്‍ കളമശേരി പൊലീസ് പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. കളമശേരി പൊലീസ് ഇൻസ്പെക്ടർ വിപിൻദാസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇയാളെ ഇടപ്പള്ളി ഭാഗത്ത് നിന്നും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കളമശേരി സബ് ഇന്‍സ്പെക്ടര്‍ വിനോജ് എസ് സി പി ഒ ബിജു, സി പി ഒ ഷിബു, മാഹിന്‍, അരുണ്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമൻറ് ചെയ്തു

































