കണ്ണൂര്‍: വിദേശ നാണ്യ വിനിമയ സ്ഥാപനത്തിൻ്റെ പേരിലെ നിക്ഷേപ തട്ടിപ്പില്‍ കൊല്ലം സ്വദേശിക്ക് നഷ്ടമായത് 43 ലക്ഷം രൂപ.തട്ടിപ്പ് സംഘത്തില്‍ ഒരാള്‍ പൊലീസിന്റെ പിടിയിലായി. കണ്ണൂർ താണ സ്വദേശി ജസീല ആണ് പിടിയിലായത്. ദുബായ് കേന്ദ്രീകൃതമായുള്ള വിദേശ നാണ്യവിനിമയ സ്ഥാപനം സാറ എഫ് എക്സ് കമ്ബനിക്കായി പണം ശേഖരിക്കുന്നത് താണയിലെ കാപ് ഗെയിൻ ശാഖ നടത്തിപ്പുകാർ ഏച്ചൂർ സ്വദേശികളായ ജസീല, ജംഷീർ, നസീബ്, കോഴിക്കോട് സ്വദേശി നജ്മല്‍ എന്നിവരായിരുന്നു.
ഏച്ചൂർ സ്വദേശിനി ജസീല മാത്രമാണ് തട്ടിപ്പില്‍ കണ്ണൂർ പോലീസിന്റെ പിടിയിലായത്. കൂട്ടുപ്രതികള്‍ ഇപ്പോഴും കാണാ മറയത്ത്.സംഘം തട്ടിപ്പ് നടത്തുന്നതിങ്ങനെ. സാമൂഹിക മാധ്യമങ്ങളിലൂടെ ആദ്യം പരസ്യം പ്രത്യക്ഷപ്പെടും. റോബട്ടിക് ട്രേഡിങ്ങില്‍ നിക്ഷേപം നടത്തിയാല്‍ 20ശതമാനം ലാഭം ലഭിക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് സാധാരണക്കാരെ വെട്ടിലാക്കുന്നത്.
ഉത്തരേന്ത്യയിലെ മരിച്ചവരുടെ അക്കൗണ്ടുകളാണ് പണ വിനിമയത്തിന് ഉപയോഗിച്ചിരുന്നത്. ഇങ്ങനെ കൊല്ലം സ്വദേശിയില്‍ നിന്നും തട്ടിയത് 43 ലക്ഷം രൂപയാണ്. 2022 ജൂലൈ മുതല്‍ ഒക്ടോബർ വരെ പല ഘട്ടങ്ങളിലായി പണം കൈക്കലാക്കി. തട്ടിപ്പ് ആണെന്ന് മനസ്സിലാകുമ്ബോഴേക്കും സംഘം രാജ്യം വിടുന്നതാണ് രീതി.പിന്നെ ബന്ധപ്പെടാൻ സാധിക്കില്ല. നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട ഇവർക്കെതിരെ വേറെയും പരാതികള്‍ നിലവിലുണ്ട്. സംഘത്തിലെ മറ്റുള്ളവർക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.ജസീലയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.






























