കിഴക്കമ്പലം: മൂന്നാം ക്ലാസ് വിദ്യാർഥിനിയെ കളിത്തോക്ക് ചൂണ്ടി ഭയപ്പെടുത്തുകയും കൈയിൽ കയറിപ്പിടിക്കുകയും ചെയ്ത കേസിൽ പ്രതി പിടിയിൽ. കിഴക്കമ്പലം പാണാപ്പറമ്പത്ത് വീട്ടിൽ ആൽബിൻ തോമസിനെയാണ് (33) തടിയിട്ടപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. കിഴക്കമ്പലം വയലോരത്ത് കാറിൽ പിതാവിനൊപ്പം എത്തിയതാണ് കുട്ടി. കുട്ടിയെ കാറിലിരുത്തി പിതാവ് കടയിലേക്ക് പോയി. ഈ സമയം ബൈക്കിൽ എത്തിയയാൾ കളിത്തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. തുടർന്ന് കൈക്ക് പിടിക്കുകയും ചെയ്തു. സംഭവ ശേഷം ഇയാൾ കടന്നു കളഞ്ഞു. കുട്ടിയുടെ കരച്ചിൽ കേട്ട് സമീപത്തുള്ളവർ ഓടിയെത്തുമ്പോഴേക്കും പേടിച്ചരണ്ട കുട്ടി ബോധരഹിതയായിരുന്നു.
പൊലീസ് പ്രത്യേക സംഘങ്ങളായി തിരിഞ്ഞ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്. ഇൻസ്പെക്ടർ ആർ. മനോജ് കുമാർ, എസ്.ഐ പി.എം. റാസിഖ്, എ.എസ്.ഐ സി.എ. ഇബ്രാഹിം കുട്ടി, സീനിയർ സി.പി.ഒ മാരായ വി.എസ്. ആനന്ദ്, സി.എം. കരീം, എ.ആർ. ജയൻ, സി.പി.ഒമാരായ വിപിൻ എൽദോസ്, അരുൺ.കെ.കരുൺ, എം.എസ്. നൗഫൽ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോടതി പ്രതിയെ റിമാൻഡ് ചെയ്തു.































