കോതമംഗലം: എക്സൈസ് ഓഫിസിന്റെ മുറ്റത്ത് കിടന്ന ജീപ്പ് തീെവച്ച് നശിപ്പിച്ച സംഭവത്തിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പുന്നേക്കാട് പാലയ്ക്കൽ ജിത്ത് (19) ആണ് പിടിയിലായത്. പുന്നേക്കാട് പ്രവർത്തിക്കുന്ന കുട്ടമ്പുഴ എക്സൈസ് റേഞ്ച് ഓഫിസിലെ ജീപ്പാണ് തിങ്കളാഴ്ച രാത്രി പത്തോടെ ഇയാൾ കത്തിച്ചത്. ജീപ്പിന്റെ പിൻഭാഗത്ത് മണ്ണെണ്ണയൊഴിച്ച ശേഷം തീകൊളുത്തുകയായിരുന്നു. തീ പടരുന്നത് കണ്ട് പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരനും സമീപത്തുണ്ടായിരുന്നവരും ചേർന്ന് ഉടനെ തീയണച്ചതിനാൽ ജീപ്പിന് ഭാഗിക നാശമേ സംഭവിച്ചുള്ളൂ. കഞ്ചാവ് കേസിൽ പ്രതിയായ ജിത്തിന്റെ വീട്ടിൽ എക്സൈസ് സംഘം നിരന്തരം പരിശോധനക്ക് എത്തുന്നതിലുള്ള വിരോധമാണ് തീവച്ചതിന് പിന്നിലെന്ന് പൊലീസിന് നൽകിയ മൊഴി.































