പാലക്കാട്: അധ്യാപക നിയമനവുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കത്തെ തുടർന്ന് പാലക്കാട് മുണ്ടൂരിൽ യുവാവിനെ ജീപ്പിടിച്ച് കൊലപ്പെടുത്താൻ ശ്രമം. സംഭവവുമായി ബന്ധപ്പെട്ട് മുണ്ടൂർ കാഞ്ഞിക്കുളം സ്വദേശിയായ 22-കാരൻ അജയിനെ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് പട്ടഞ്ചേരി സ്വദേശിയായ 28 വയസ്സുകാരൻ ജിഷ്ണുവിന് നേരെയാണ് ആക്രമണമുണ്ടായത്. ഇക്കഴിഞ്ഞ പത്താം തീയതി കാഞ്ഞിക്കുളത്തെ പെട്രോൾ പമ്പിൽ വച്ചായിരുന്നു സംഭവം. ആക്രമണത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് ലക്ഷങ്ങളുടെ സാമ്പത്തിക ഇടപാടുകൾ ഇതിന് പിന്നിൽ നടന്നതായാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ജിഷ്ണുവിൽ നിന്നും പ്രതിയായ അജയിന്റെ പിതാവ് അനൂപ് കുമാർ 35 ലക്ഷം രൂപ വാങ്ങിയിരുന്നു. ഈ തുക തിരികെ ചോദിച്ചതിലുള്ള മുൻവൈരാഗ്യമാണ് അക്രമത്തിൽ കലാശിച്ചത്.
പണം ചോദിച്ചെത്തിയ ജിഷ്ണുവിനെയും പിതാവ് പീതാംബരനെയും അജയ് ക്രൂരമായി മർദ്ദിച്ചതായി പരാതിയിൽ പറയുന്നു. ഇതിന് ശേഷമാണ് ജിഷ്ണുവും സുഹൃത്തുക്കളും സഞ്ചരിച്ച കാറിലേക്ക് പ്രതി ജീപ്പ് കൊണ്ട് പലതവണ ഇടിച്ചു കയറ്റി കൊലപ്പെടുത്താൻ ശ്രമിച്ചത്. കാറിന് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
പോലീസ് നടപടി:
ജിഷ്ണുവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ വധശ്രമം, അപകടകരമായ രീതിയിൽ വാഹനമോടിക്കൽ തുടങ്ങിയ ഗുരുതരമായ വകുപ്പുകൾ ചുമത്തിയാണ് കോങ്ങാട് പോലീസ് പ്രതിക്കെതിരെ കേസെടുത്തത്. അറസ്റ്റിലായ അജയിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു.































