കണ്ണൂരിൽ പ്രതിയെ പിടിക്കാനെത്തിയ പോലീസ് സംഘത്തിന് നേരെ വെടിവെപ്പ്. കണ്ണൂർ ചിറക്കലിലാണ് പോലീസ് സംഘത്തിന് നേരെ വെടിവെപ്പുണ്ടായത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. എന്നാൽ, പ്രതി പോലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു. സംഭവത്തിൽ പോലീസ് ഒരാളെ അറസ്റ്റ് ചെയ്തു. വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു
വെള്ളിയാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം ഉണ്ടായത്. തമിഴ്നാട് സ്വദേശിയെ പേപ്പർ കട്ടർ കൊണ്ട് ആക്രമിച്ച കേസിലെ പ്രതിയായ റോഷനെ പിടികൂടാനാണ് വളപട്ടം എസ്ഐ നിഥിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ചിറക്കൽചിറയിലെ ഇയാളുടെ വീട്ടിലെത്തിയത്. ഇരുനില വീടിന്റെ പിന്നിലുള്ള കോണിപ്പടി കയറി പോലീസ് സംഘം മുകൾ നിലയിലെത്തി.
റോഷന്റെ മുറിയുടെ മുന്നിൽ നിന്ന് വാതിലിൽ മുട്ടി വിളിക്കുന്നതിനിടെയാണ് റോഷന്റെ പിതാവ് ബാബു തോമസ് പെട്ടെന്ന് പോലീസിന് നേരെ വെടിയുതിർത്തത്. എസ്ഐ ഉൾപ്പെടെയുള്ള പോലീസ് സംഘം തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.































