തൃശൂർ: ഗവ: മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ ആൾ നടത്തിയ ആക്രമണത്തിൽ നാലു പേർക്ക് പരിക്കേറ്റു.
രാത്രിയിൽ സർജറി വാർഡിൽ നടന്ന സംഭവത്തിൽ ഗുരുവായൂർ സ്വദേശി തിയ്യത്ത് ചന്ദ്രൻ മകൻ വിഷ്‌ണു (30), മറ്റം സ്വദേശി രോഹിത് (29), അഞ്ഞൂർ സ്വദേശി വൈശാഖ് (28), സന്ദീപ് (30) എന്നിവർക്കാണ് പരിക്കേറ്റത്.
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന സുഹൃത്തിനെ കാണുവാൻ എത്തിയ യുവാക്കളെയാണ് സമീപത്തെ ബെഡിൽ കിടന്നിരുന്ന രോഗി ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു.
യുവാക്കളെ ആക്രമിച്ച സംഭവത്തിൽ മുള്ളൂർക്കര സ്വദേശി ശ്രീനിവാസനെതിരെ പോലീസ് കേസെടുത്തു. തലയ്ക്ക് അടിയേറ്റ യുവാക്കൾ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ പറഞ്ഞു.

































