പെരുമ്പാവൂർ: ചീട്ടുകളിക്കിടെ ഉണ്ടായ തർക്കത്തിനിടെ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ. കൂവപ്പടി കൂടാലപ്പാട് പോത്തൻവീട് വീട്ടിൽ ജസ്റ്റിൻ ഫ്രാൻസിസിനെയാണ് (31) കോടനാട് പൊലീസ് പിടികൂടിയത്. കൂടാലപ്പാട് സ്വദേശി ടോൺ ബേബിക്കാണ് കുത്തേറ്റത്. ചീട്ടുകളി സ്ഥലത്ത് പണത്തെച്ചൊല്ലി ഉണ്ടായ തർക്കവും വഴക്കുമാണ് സംഭവത്തിന് കാരണം. കഴിഞ്ഞ 31ന് രാത്രി 9.30നാണ് സംഭവം. കൂടാലപ്പാട് ക്രിസ്തുരാജ് കപ്പേളയുടെ ഇടതുവശത്തുള്ള റോഡിൽെവച്ച് പ്രതി കൈയിൽ കരുതിയിരുന്ന കത്തിയുമായി ടോൺ ബേബിയെ ആക്രമിക്കുകയായിരുന്നു. ഇൻസ്പെക്ടർ എ.എൽ. അഭിലാഷ്, എസ്.ഐ പി.ജെ. കുരിയാക്കോസ്, സി.പി.ഒ മാരായ ബെന്നി ഐസക്, കെ.എ. നിഷാദ്, എ.എസ്. അനൂപ് എന്നിവരാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.































