കളമശേരി സ്ഫോടന കേസിലെ പ്രതി ഡൊമിനിക് മാർട്ടിനെ പത്ത് ദിവസം കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടു. അതേസമയം, പ്രതിയെ പത്തിലേറെ സ്ഥലങ്ങളില്‍ എത്തിച്ച് തെളിവെടുക്കണമെന്നും പ്രതിയുടെ രാജ്യാന്തരബന്ധം അന്വേഷിക്കണമെന്നും പോലീസ് കോടതിയെ അറിയിച്ചു. പൊലീസിനെതിരെ തനിക്ക് പരാതിയില്ലെന്നും താൻ ആരോഗ്യവാനാണെന്നും പ്രതി ഡൊമനിക്ക് കോടതിയിൽ പറഞ്ഞു. ഒപ്പം ഈ കേസ് വാദിക്കാൻ തനിക്ക് അഭിഭാഷകൻ വേണ്ടെന്ന നിലപാട് പ്രതി കോടതിയിൽ ആവർത്തിച്ചു.
പ്രതി ഡൊമിനിക് മാർട്ടിൻ ഏറെക്കാലം ദുബൈയിൽ ജോലി ചെയ്തിരുന്നു. അതിനാൽ അവിടെയുള്ള ഇയാളുടെ ബന്ധത്തെ കുറിച്ച് പോലീസിന് വിശദമായ അന്വേഷണം നടത്തേണ്ടതുണ്ട്. ഇക്കാര്യങ്ങളെല്ലാം പ്രതിയിൽ നിന്ന് ചോദിച്ചറിയാൻ കൂടിയാണ് പോലീസ് 10 ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടത്. കൂടാതെ, ബോംബ് നിർമിക്കാൻ പ്രതി കൊച്ചിയിലെ തന്നെ പല സ്ഥലങ്ങളിൽ നിന്നായാണ് സാധനങ്ങൾ വാങ്ങിയിരിക്കുന്നത്. ഇതേ കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. പ്രതിയെ പത്തിലേറെ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുക്കണമെന്നും പോലീസ് കോടതിയില്‍ വ്യക്തമാക്കി.

































