കരുനാഗപ്പള്ളി : മൈനാഗപ്പള്ളിക്ക് അടുത്ത് ആനൂർ കാവിൽ കാറിടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ച സംഭവത്തിൽ അറസ്റ്റിലായ അജ്മലിനെതിരെ കുറ്റകരമായ നരഹത്യക്ക് കേസെടുത്തു. ഇയാളും സംഭവ സമയം കാറിലുണ്ടായിരുന്ന വനിതാ ഡോക്ടറും മദ്യപിച്ചിരുന്നതായി തെളിഞ്ഞു. ഇത് സ്ഥിരീകരിക്കുന്ന വൈദ്യപരിശോധനാ ഫലം പൊലീസിന് ലഭിച്ചു.
അപകടത്തിന് പിന്നാലെ കാര്‍ മുന്നോട്ടെടുക്കാൻ ആവശ്യപ്പെട്ടത് അജ്മലിനൊപ്പം കാറിലുണ്ടായിരുന്നു ഡോ. ശ്രീക്കുട്ടിയാണെന്ന് ദൃക്സാക്ഷികൾ പറഞ്ഞിരുന്നു. ശ്രീക്കുട്ടിയെയും കേസിൽ പ്രതി ചേർക്കും.
ഇരുവരും ഒരു സുഹൃത്തിൻ്റെ വീട്ടിൽ പാർട്ടി കഴിഞ്ഞ് വരുമ്പോഴാണ് അപകടമുണ്ടായത്. നാട്ടുകാർ ആക്രമിക്കുമോയെന്ന് ഭയന്നാണ് മുന്നോട്ടു വാഹനമെടുത്ത് പോയതെന്നും പ്രതി പറഞ്ഞു. പിന്നാലെയാണ് കസ്റ്റഡിയിലെടുത്ത രണ്ടു പേരുടെയും രക്ത സാമ്പിൾ പൊലീസ് ശേഖരിച്ചത്.
അതേസമയം, അജ്മലിന് ലഹരി വസ്തു വിറ്റതിന് നേരെത്തെയും കേസുണ്ട്. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ ക്യാഷ്യലിറ്റിയിൽ വച്ചാണ് യുവ ഡോക്ടറെ അജ്മൽ പരിചയപ്പെടുന്നത്. തൻ്റെ സ്വർണാഭരങ്ങൾ ഉൾപ്പെടെ അജ്മൽ കൈവശപ്പെടുത്തിയെന്ന് ഒപ്പമുണ്ടായിരുന്ന യുവ ഡോക്ടർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
കരുനാഗപ്പള്ളി വെളുത്തമണൽ സ്വദേശിയായ അജ്മൽ പിടിയിൽ. ഒളിവിൽ പോയ അജ്മലിനെ പതാരത്ത് നിന്നാണ് ശാസ്താംകോട്ട പൊലീസ് പിടികൂടിയത്. ഇയാൾക്കൊപ്പം കാറിലുണ്ടായിരുന്ന യുവ വനിതാ ഡോക്ടർ നേരത്തെ കസ്റ്റഡിയിലായിരുന്നു. കാറും സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ ശ്രീക്കുട്ടിയെയും സംഭവ സ്ഥലത്തെ ഒരു വീട്ടിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. ഇവർ അപകടത്തിന് പിന്നാലെ ഈ വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു.

































