കൊച്ചി: തെരഞ്ഞെടുപ്പ് കമീഷന്‍റെ മാനദണ്ഡപ്രകാരമുള്ളവയുടെ പരിധിയിൽ വരാത്ത തോക്കുകളും ആയുധങ്ങളും സറണ്ടർ ചെയ്യണമെന്ന ഉത്തരവ് സ്ക്രീനിങ് കമ്മിറ്റി പുനഃപരിശോധിക്കണമെന്ന് ഹൈകോടതി
ജാമ്യത്തിൽ കഴിയുന്നവർ, ക്രിമിനൽ പശ്ചാത്തലമുള്ളവർ, മുൻ തെരഞ്ഞെടുപ്പ് കാലത്ത് കലാപങ്ങളിൽ പങ്കാളികളായവർ തുടങ്ങിയവർ കൈവശം സൂക്ഷിക്കുന്ന ആയുധങ്ങളുടെ കാര്യത്തിലാണ് കമീഷന്‍റെ സറണ്ടർ നിർദേശം എന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് എൻ. നഗരേഷിന്‍റെ ഉത്തരവ്. തോക്ക് കൈവശം വെക്കാൻ ഇളവ് തേടി നൽകിയ അപേക്ഷകൾ സ്ക്രീനിങ് കമ്മിറ്റി തള്ളിയതിനെതിരെ കോട്ടയം ജില്ലയിലെ ജോസ് ജേസഫടക്കം 17 പേർ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
ജീവന്‍റെയും സ്വത്തിന്‍റെയും സംരക്ഷണത്തിനാണ് ലൈസൻസോടെ ആയുധം ഉപയോഗിക്കുന്നതെന്ന് ഹരജിയിൽ പറയുന്നു.മൂന്നുമാസത്തോളം നീളുന്ന തെരഞ്ഞെടുപ്പിന്‍റെ പേരിൽ ആയുധം സറണ്ടർ ചെയ്യുന്നത് ജീവന് ഭീഷണിയാകുമെന്നും ഹരജിയിൽ പറഞ്ഞു. വന്യജീവി ശല്യമുള്ള മേഖലയിൽ നിന്നുള്ളവരാണ് ഹരജിക്കാരിലേറെയും. എന്നാൽ, സ്വതന്ത്രവും സമാധാനപരവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാനാണ് ഈ നിർദേശമെന്ന് സർക്കാറും ജില്ല കലക്ടറും ജില്ല പൊലീസ് സൂപ്രണ്ടും അറിയിച്ചു.
ആയുധം കൈവശം വെക്കണമെന്നാവശ്യപ്പെടാൻ ഹരജിക്കാർക്ക് മൗലികാവകാശമില്ലെന്നും വ്യക്തമാക്കി. അതേസമയം, ധനകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് ഇളവ് അനുവദിക്കാൻ തീരുമാനിച്ചിട്ടുണ്ട്.വിഷയത്തിൽ അന്തിമ തീരുമാനമാകുംവരെ ഹരജിക്കാരുടെ ആയുധത്തിന്‍റെ കാര്യത്തിൽ തൽസ്ഥിതി തുടരാനും നിർദേശിച്ചു.

































