തിരൂര്‍: തിരൂർ ജില്ല ആശുപത്രിയിൽ വൈദ്യപരിശോധനക്കിടെ തിരൂര്‍ പൊലീസിന്റെ കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ട പ്രതി രണ്ടു ദിവസത്തിനുശേഷം കീഴടങ്ങി. പറവണ്ണ സ്വദേശി മരക്കാര്‍കണ്ടി റഹീബാണ് (23) ചൊവ്വാഴ്ച വൈകീട്ടോടെ തിരൂര്‍ ഡിവൈ.എസ്.പി പി.പി. ഷംസിന് മുന്നിൽ ഹാജരായത്.
പറവണ്ണയില്‍ നടന്ന സംഘര്‍ഷത്തെ തുടര്‍ന്നാണ് ഇയാളെ വധശ്രമത്തിന് കസ്റ്റഡിയിലെടുത്തത്. മറ്റൊരു പ്രതിയുടെ കൂടെ ശനിയാഴ്ച വൈകീട്ടോടെ വൈദ്യപരിശോധനക്കെത്തിച്ചപ്പോഴാണ് റഹീബ് കടന്നുകളഞ്ഞത്.
മണിക്കൂറുകളോളം തിരൂര്‍ സി.ഐ എം.കെ. രമേഷിന്റെ നേതൃത്വത്തില്‍ തിരഞ്ഞെങ്കിലും കണ്ടെത്താനായിരുന്നില്ല. തുടര്‍ന്ന് ഇയാളുടെ സ്വദേശമായ പറവണ്ണയിലും പരിസരങ്ങളിലുമെല്ലാം അന്വേഷണം ശക്തമാക്കിയിരുന്നു. പ്രതിയെ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു.

































