മട്ടാഞ്ചേരി: കൊച്ചിക്കാരുടെ ഓർമകളിൽ പോലും മധുരം പെയ്യിക്കുന്ന ജനകീയ ഗായകൻ എച്ച്. മെഹബൂബ് ഓർമയായിട്ട് തിങ്കളാഴ്ച 43 വർഷം. സിനിമയെക്കാളും മെഹബൂബ് എന്ന ഗായകൻ ഇഷ്ടപെട്ടിരുന്നത് കൊച്ചിക്കാരുടെ ഹൃദയത്തിലൂടെ പാടി അലയുക എന്നതായിരുന്നു. മെഹബൂബിനൊപ്പം കല്യാണ വീടുകളിൽ പാടിയിരുന്ന ബിസ്മില്ല അബു എന്ന ഗായകൻ മെഹബൂബിന്‍റെ ഓർമ ദിനത്തിൽ അദ്ദേഹത്തിന്‍റെ ഗാനങ്ങളുമായി സംഗീതാജ്ഞലി ഒരുക്കുകയാണ്. കാത്തുസൂക്ഷിച്ച കസ്തൂരി മാമ്പഴത്തിന്‍റെ ഗന്ധമുള്ള മെഹബൂബിന്‍റെ ഇഷ്ടഗാനങ്ങൾ സമകാലീകനായ അബു ആലപിക്കും. കൊച്ചങ്ങാടി എം.ജെ. സക്കരിയ സേട്ട് ഹാളിൽ വൈകീട്ട് ആറിന് ആരംഭിക്കുന്ന ഗാനസന്ധ്യ കെ.ജെ. മാക്സി എം.എൽ.എ ഉദ്ഘാടനം ചെയ്യും.


































