കൊച്ചി: ഇരുമ്പു സാമഗ്രികളും ഷീറ്റും മോഷ്ടിച്ച രണ്ടുപേരെയും മോഷണമുതൽ വാങ്ങിയയാളെയും പൊലീസ് അറസ്റ്റ് ചെയ്തു.മോഷണം നടത്തിയ കോട്ടയം കാഞ്ഞിരപ്പള്ളി പാലമ്പ്ര വെട്ടിമല വീട്ടിൽ സാബു (52), ഒഡിഷ ഗുഞ്ജാമിലെ ബുധനഗർ സ്വദേശി ദേവേന്ദ്രൻ (ബുല്ലു-25) എന്നിവരും ഇവരിൽനിന്ന് മോഷണ മുതൽ വാങ്ങിയ ആലപ്പുഴ അരൂക്കുറ്റി വടുതല സ്വദേശി നദുവത്ത് നഗർ സിദ്ദീഖ് (52) എന്നയാളുമാണ് എറണാകുളം നോർത്ത് പൊലീസിന്റെ പിടിയിലായത്. പ്രതികൾ എറണാകുളം പരമാരാ റോഡിലൂടെ ഉന്തുവണ്ടിയിൽ ഇരുമ്പുസാധനങ്ങൾ കയറ്റിക്കൊണ്ട് പോകുന്നതിനിടെ സംശയത്തെ തുടർന്ന് പരിശോധിക്കുകയായിരുന്നു.തുടർന്ന് റെയിൽവേയുടേതെന്ന് സംശയിക്കുന്ന ഇരുമ്പ് ട്രാക്ക് പീസുകളും കോൺക്രീറ്റ് ചെയ്യാൻ ഉപയോഗിക്കുന്ന ഷീറ്റുകളും ഇവരിൽനിന്ന് കണ്ടെടുക്കുകയായിരുന്നു. ഇൻസ്പെക്ടർ പ്രതാപ്ചന്ദ്രൻ, എസ്.ഐ ദർശക്, സി.പി.ഒമാരായ വിപിൻ, പ്രവീൺകുമാർ, ഹെഡ് കോൺസ്റ്റബിൾ നിധിൻ എന്നിവരാണ് പ്രതികളെ പിടികൂടിയത്.






























