റായി: വിവാഹ അഭ്യർഥനയുമായി എത്തിയ യുവാവ് പെൺകുട്ടിയുടെ പിതാവിനെ ആക്രമിച്ചു. മകളെ വിവാഹം കഴിച്ചു തരണമെന്ന് ആവശ്യപ്പെട്ടപ്പോൾ നിരസിച്ചതാണ് കാരണമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ കൊടുങ്ങല്ലൂർ മേത്തല സ്വദേശി പറവൂർ വടക്കേക്കര ചക്കുമരശ്ശേരി ഭാഗത്ത് വാടകക്ക് താമസിക്കുന്ന മേപ്പറമ്പ് വീട്ടിൽ ആഷിഖിനെ (23) മുനമ്പം പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം രാത്രി അയ്യമ്പിള്ളി ഭാഗത്തെ വീട്ടിലാണ് സംഭവം. മകളെ വിവാഹം ചെയ്തു തന്നില്ലെങ്കിൽ ജീവിക്കാൻ അനുവദിക്കില്ലെന്ന് യുവാവ് ഭീഷണി മുഴക്കി. വീട്ടുകാർ ബഹളംവെച്ചതിനെ തുടർന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ തടഞ്ഞ് വെക്കുകയായിരുന്നു. തുടർന്ന് മുനമ്പം പൊലീസെത്തി കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. വൈപ്പിൻ കരയിൽ സർവിസ് നടത്തുന്ന സ്വകാര്യ ബസുകളിൽ കണ്ടക്ടറായി ജോലി ചെയ്തു വരുന്ന പ്രതി പെൺകുട്ടിയെ ബസിൽ വെച്ച് കണ്ട പരിചയം വെച്ചാണ് വീട്ടിലെത്തിയതെന്ന് പൊലീസ് പറഞ്ഞു.
പറവൂർ സ്റ്റേഷനിൽ അടിപിടിക്കേസിൽ പ്രതിയായ ഇയാൾ രണ്ടു വർഷം മുമ്പ് 10 കിലോ കഞ്ചാവുമായി ആന്ധ്രയിൽ പിടിയിലാകുകയും ഒന്നരവർഷം ജയിൽ ശിക്ഷ അനുഭവിക്കുകയും ചെയ്തതായും പൊലീസ് അറിയിച്ചു.

































